ഇംഫാൽ ∙ മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം. സ്ത്രീയുള്‍പ്പെടെ മൂന്നുപേര്‍ വെടിയേറ്റ് മരിച്ചു, രണ്ടുപേര്‍ക്ക് പരുക്കേറ്റു. സൈനിക വേഷത്തിലെത്തിയ അക്രമികളാണ് ഖോഖന്‍ ഗ്രാമത്തില്‍ വെടിയുതിര്‍ത്തത്. കുക്കി വിഭാഗത്തില്‍പ്പെട്ടവരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം എട്ടുവയസ്സുള്ള കുട്ടിയെയും അമ്മയെയും ബന്ധുവിനെയും ആൾക്കൂട്ടം ആംബുലൻസിലിട്ടു ചുട്ടുകൊന്നെന്ന റിപ്പോർട്ടും പുറത്തു വന്നിരുന്നു. വെടിവയ്പില്‍ പരുക്കേറ്റ എട്ടുവയസ്സുകാരനെ അമ്മയ്ക്കും ബന്ധുവിനും ഒപ്പം ഞായറാഴ്ച ഇംഫാലിലെ ക്യാംപിലേക്ക് മാറ്റുന്നതിനിടെ ആള്‍ക്കൂട്ട ആക്രമണം ഉണ്ടാകുകയായിരുന്നു.
പൊലീസ് സുരക്ഷയോടെയാണ് ആംബുലന്‍സ് പോയിരുന്നത്. ഇറോയ്സേമ്പ എന്ന സ്ഥലത്തുവച്ച് ആള്‍ക്കൂട്ടം വളഞ്ഞ് വാഹനത്തിനു തീയിടുകയായിരുന്നു. ഡ്രൈവറെയും ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്ന ആളിനെയും പുറത്തിറക്കിയ ശേഷമാണ് തീയിട്ടത്. ചൊവ്വാഴ്ചയുണ്ടായ വെടിവയ്പിൽ ഒരു ബിഎസ്എഫ് ജവാൻ വീരമൃത്യു വരിച്ചിരുന്നു. രണ്ട് അസം റൈഫിൾസ് സേനാംഗങ്ങൾക്കു പരുക്കേറ്റു.