മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം എംപിയും എംഎൽഎയും ഉൾപ്പെടെയുള്ളവർ എടുത്തുകൊണ്ടുപോയത് ഗൗരവതരമെന്ന് മന്ത്രി പി. രാജീവ്. ജനപ്രതിനിധികൾ പക്വതയോടെ പെരുമാറേണ്ടവരാണെന്നും ഇത്തരം പ്രവൃത്തികൾ വെച്ചുപൊറുപ്പിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. കോതമംഗലത്തെ കോൺഗ്രസ് പ്രതിഷേധത്തെ കുറിച്ച് കുറിച്ച് കൊച്ചിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാർ സ്വീകരിച്ച നടപടികൾ ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. ചിലയിടത്ത് വൈകാരിക പ്രകടനങ്ങൾ ഉണ്ടാകാം. എന്നാൽ, ഒരു ഭൗതിക ശരീരത്തോട് കാണിക്കേണ്ട ആദരവുണ്ട്. നിയമവ്യവസ്ഥയോട് കാണിക്കേണ്ട ആദരവുണ്ട്. സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നതാണ് എംപിയുടെയും എംഎൽഎയുടെയും നടപടിയെന്ന് പി.രാജീവ് ആരോപിച്ചു.
തുടർനടപടികൾക്കായി പോസ്റ്റുമോർട്ടം ഉൾപ്പെടെയുള്ള കാര്യങ്ങൾ പ്രധാനമാണ്. നിയമം അതിന്റെ വഴിക്ക് പോകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.അടിമാലി കാഞ്ഞിരവേലിയിൽ ഇന്ന് രാവിലെ കാട്ടാന ആക്രമണത്തിൽ മരിച്ച ഇന്ദിര രാമകൃഷ്ണൻ എന്ന സ്ത്രീയുടെ മൃതദേഹവുമായാണ് കോൺഗ്രസ് പ്രതിഷേധമാർച്ച് നടത്തിയത്. ഡീൻ കുര്യാക്കോസ് എംപി, മാത്യു കുഴൽനാടൻ എംഎൽഎ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു മാർച്ച്.