തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിൽ ചേരിപ്പോര് തുടരുന്നതിനിടെ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരീഖ് അൻവർ ഇന്ന് സംസ്ഥാനത്തെത്തും. കൊച്ചിയിലും കോഴിക്കോട്ടുമായി നടക്കുന്ന ബ്ലോക്ക് അധ്യക്ഷന്മാരുടെ പഠനശിബിരത്തിൽ പങ്കെടുക്കാനാണ് താരീഖ് അൻവർ വരുന്നത്. ഇതിനിടയിൽ ഇടഞ്ഞുനിൽക്കുന്ന ഗ്രൂപ്പുകളെ അനുനയിപ്പിക്കാനുള്ള നീക്കത്തിനും സാധ്യതയുണ്ട്.
എന്നാൽ, താരീഖ് അൻവറുമായി ചർച്ച നടത്തിയിട്ട് കാര്യമില്ലെന്ന നിലപാടിലാണ് ഗ്രൂപ്പുകൾ. എ, ഐ ഗ്രൂപ്പുകളിലെ പ്രമുഖ നേതാക്കൾ പഠനക്യാംപിൽ പങ്കെടുക്കുന്നുമില്ല. അടുത്തയാഴ്ച എ, ഐ ഗ്രൂപ്പ് നേതാക്കൾ താരീഖ് അൻവറിനെ കാണാൻ ഡൽഹിയിലേക്ക് പോകുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഇതിനിടെയാണ് അദ്ദേഹം സംസ്ഥാനത്തെത്തുന്നത്.
തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍റുമാർക്കുള്ള ദ്വിദിന ക്യാംപ് ഇന്ന് തുടങ്ങും. ആലുവയിലെ ശാന്തിഗിരി ആശ്രമത്തിലാണ് ക്യാംപ് നടക്കുന്നത്. കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. എം.എം ഹസന്‍, കെ.സി ജോസഫ്, ബെന്നി ബെഹനാന്‍ തുടങ്ങിയ നേതാക്കള്‍ക്ക് ക്ഷണമുണ്ടെങ്കിലും പങ്കെടുക്കില്ലെന്നാണ് അറിയുന്നത്.
ബ്ലോക്ക് പ്രസിഡന്‍റുമാരെ ഏകപക്ഷീയമായി നിശ്ചയിച്ചുവെന്ന പരാതി പരിഹരിക്കപ്പെടാത്ത സാഹചര്യത്തിലാണ് എ-ഐ ഗ്രൂപ്പ് നേതാക്കള്‍ വിട്ടുനില്‍ക്കുന്നത്. താരീഖ് അന്‍വര്‍ ചൊവ്വാഴ്ച ക്യാംപില്‍ പങ്കെടുക്കും.