ന്യൂഡൽഹി: സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതത്തിന്റെ മൂന്നാം ഗഡുവായി 1.18 ലക്ഷം കോടി കേന്ദ്ര സർക്കാർ അനുവദിച്ചു. കേരളത്തിന് നികുതി വിഹിതമായി 2277 കോടി രൂപ ലഭിക്കും, തമിഴ്നാട് – 4825 കോടി, ഗുജറാത്ത് -4114 കോടി, കർണാടക – 4314 കോടി എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങൾക്ക് അനുവദിച്ചത്.
നടപ്പ് സാമ്പത്തിക വർഷത്തിലെ നികുതി വിഹിത ഇനത്തിന്റെ മൂന്നാംഗഡുവാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. ജൂൺ മാസത്തിൽ നൽകേണ്ട വിഹിതത്തിനൊപ്പം അടുത്ത തവണത്തെ വിഹിതം കൂടി മുൻകൂറായി നൽകിയിട്ടുണ്ട്. സാധാരണ പ്രതിമാസ വിഹിതം 59140 കോടി രൂപയാണ്. ഇതിന്റെ ഉരട്ടിയാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നതെന്ന് ധനമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.സംസ്ഥാനങ്ങളുടെ വികസന ക്ഷേമപ്രവർത്തനങ്ങൾ, മുൻഗണനാ പദ്ധതികൾ തുടങ്ങിയവയ്ക്ക് ഈ പണം ഉപയോഗപ്പെടുത്താവുന്നതാണെന്നും മന്ത്രാലയം വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധിയിൽ വലഞ്ഞിരുന്ന കേരള സർക്കാരിന് കേന്ദ്രം കടമെടുപ്പ് പരിധി വെട്ടിക്കുറച്ചത് തിരിച്ചടിയായിരുന്നു. ഈ പശ്ചാത്തലത്തിൽ താത്കാലിക ആശ്വാസമായിരിക്കുകയാണ് കേന്ദ്രം അനുവദിച്ച നികുതിവിഹിതം.