Sunday, November 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഗുജറാത്തിൽ ബിപർജോയ് ചുഴലിക്കാറ്റ് ശക്തിയാകുമെന്ന മുന്നറിയിപ്പ്‌;അടിയന്തര യോഗം വിളിച്ച് അമിത്ഷാ

ഗുജറാത്തിൽ ബിപർജോയ് ചുഴലിക്കാറ്റ് ശക്തിയാകുമെന്ന മുന്നറിയിപ്പ്‌;അടിയന്തര യോഗം വിളിച്ച് അമിത്ഷാ

അഹമ്മദാബാദ്∙ ഗുജറാത്തിൽ ബിപർജോയ് ചുഴലിക്കാറ്റ് ശക്തിയാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷാ അടിയന്തര യോഗം വിളിച്ചു. ചുഴലിക്കാറ്റ് ശക്തമാകുന്നതിന്റെ പശ്ചാത്തലത്തിൽ സൗരാഷ്ട്ര–കച്ച് തീരങ്ങളിൽ ചൊവ്വാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജൂൺ 15ന് വൈകിട്ടോടെ ബിപർജോയ് കൂടുതല്‍ ശക്തിപ്രാപിക്കുമെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 

വ്യാഴാഴ്ച ചുഴലിക്കാറ്റ് കരതൊടുമ്പോള്‍ വലിയ തോതില്‍ നാശനഷ്ടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് പരിഗണിച്ചാണ് അമിത് ഷാ യോഗം വിളിച്ചത്. കരതൊടുമ്പോള്‍ മണിക്കൂറില്‍ 125-135 കി.മീ വേഗതയായിരിക്കും കാറ്റിനെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇത് 145-150 കി.മീ വരെ ശക്തിപ്രാപിക്കാം. മരങ്ങള്‍ കടപുഴകി വീഴാനും പഴയ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്കും താല്‍ക്കാലിക നിര്‍മിതികള്‍ക്കും വന്‍നാശനഷ്ടങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. വലിയ തോതില്‍ കൃഷിനാശവും പ്രതീക്ഷിക്കുന്നുണ്ട്.

കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഗുജറാത്ത് തീരത്തെത്തുന്ന നാലാമത്തെ വലിയ ചുഴലിക്കാറ്റാണ് ബിപർജോയ്. കഴിഞ്ഞ ദിവസം ഭുജ് ടൗണിൽ ആറുവയസ്സുള്ള പെൺകുട്ടിയും നാലുവയസ്സുള്ള ആൺകുട്ടിയും മതിലിടിഞ്ഞു വീണ് മരിച്ചു. രാജ്കോട്ടിൽ ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന സ്ത്രീ മരം ശരീരത്തു വീണ് മരിച്ചു. ശക്തമായ കാറ്റിനെ തുടർന്നാണ് മരം കടപുഴകിയത്. 

ചുഴലിക്കാറ്റിനെ നേരിടുന്നതിനായി ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ അറിയിച്ചു. കേന്ദ്രസർക്കാരിന്റെ ഭാഗത്തു നിന്ന് ആവശ്യമായ സഹായങ്ങൾ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചതായി മുഖ്യമന്ത്രി  ഭൂപേന്ദ്ര പട്ടേൽ പറഞ്ഞു. തീരപ്രദേശത്തുള്ള ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും മുഖ്യമന്ത്രി അറിയിച്ചു. 

ഇതിനോടകം തന്നെ പതിനായിരത്തോളം പേരെ താല്‍ക്കാലികമായി മാറ്റിപ്പാര്‍പ്പിച്ചു. വരുംമണിക്കൂറുകളില്‍ കനത്ത മഴയും 150 കിലോമീറ്റര്‍ വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ബീച്ചുകളെല്ലാം അടച്ചു. ആളുകള്‍ പരമാവധി വീടുകളില്‍ കഴിയണമെന്നാണ് നിര്‍ദേശം. അടുത്ത രണ്ടുദിവസത്തേക്ക് ഗുജറാത്തില്‍ നിന്നുള്ള 67 ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്.

കച്ച്, ജുനാഗഡ്, പോര്‍ബന്തര്‍, ദ്വാരക എന്നിവടങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷമാണ്. ചുഴിലിക്കാറ്റ് മറ്റന്നാള്‍ വൈകീട്ട് കച്ചിനും കറാച്ചി തീരത്തിനും മധ്യേ കരതൊടുമെന്നാണ് കരുതുന്നത്. കേന്ദ്ര–സംസ്ഥാന ദുരന്തനിവാരണ സേനകള്‍, കര–വ്യോമ–നാവിക സേനകള്‍ എന്നിവ അടിയന്തര സാഹചര്യം നേരിടാന്‍ സജ്ജമാണ്. 


RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments