റിയാദ്: സൗദി അറേബ്യയെ നടുക്കിയ കൊലപാതകത്തില്‍ കുറ്റവാളിയുടെ വധശിക്ഷ നടപ്പാക്കി. സൗദി യുവാവായ ബന്ദര്‍ അല്‍ ഖര്‍ഹദിയെ കാറിനുള്ളിലിട്ട് തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയുടെ വധശിക്ഷയാണ് നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ബന്ദര്‍ അല്‍ ഖര്‍ഹദിയെ സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്ന ബറകാത്ത് ബിന്‍ ജിബ്‍രീല്‍ ബിന്‍ ബറകാത്ത് അല്‍ കനാനി എന്നയാളാണ് തീകൊളുത്തി കൊലപ്പെടുത്തിയത്. വിചാരണ പൂര്‍ത്തിയാക്കിയ ജിദ്ദ ക്രിമിനല്‍ കോടതി പ്രതിക്ക് നേരത്തെ വധശിക്ഷ വിധിച്ചിരുന്നു. പിന്നീട് അപ്പീല്‍ കോടതികള്‍ ശിക്ഷ ശരിവെയ്ക്കുകയും ഏറ്റവുമൊടുവില്‍ വധശിക്ഷ നടപ്പാക്കാന്‍ ഭരണാധികാരിയുടെ അനുമതി ലഭിക്കുകയുമായിരുന്നു.
ഏതാനും മുമ്പാണ് നിഷ്‍ഠൂരമായ കൊലപാതകം നടന്നത്. സൗദി എയര്‍ലൈന്‍സ് ജീവനക്കാരനായിരുന്ന ബന്ദര്‍ അല്‍ ഖര്‍ഹദിയെ സുഹൃത്ത് തന്ത്രപൂര്‍വം വിളിച്ചുവരുത്തി കാറിനകത്ത് അടച്ചിട്ട് പെട്രോള്‍ ഒഴിച്ച് വാഹനത്തിന് തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് യുവാവ് കാറിനുള്ളില്‍ വെന്തുമരിച്ചു. മരണവെപ്രാളത്തില്‍ പിടയുന്നതിനിടെ, താന്‍ എന്ത് തെറ്റാണ് ചെയ്‍തതെന്ന് വിളിച്ച് ചോദിച്ച് ബന്ദര്‍ അല്‍ഖര്‍ഹദി കരയുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പ്രതിക്ക് വധശിക്ഷ വിധിച്ചതില്‍ സംതൃപ്‍തിയുണ്ടെന്ന് ബന്ദര്‍ അല്‍ ഖര്‍ഹദിയുടെ പിതാവ് ത്വാഹ അല്‍ അര്‍ഖര്‍ദി നേരത്തെ പ്രതികരിച്ചിരുന്നു.