വയനാട്: സിദ്ധാർത്ഥിന്റെ മരണത്തെ തുടർന്ന് പൂക്കോട് വെറ്റിനറി സർവ്വകലാശാല ക്യാമ്പസ് അടച്ചു. വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധത്തിന്റെയും വിവിധ അന്വേഷണങ്ങളുടെയും പശ്ചാത്തലത്തിലാണ് കോളേജ് ഒരാഴ്ചത്തേക്ക് അടച്ചത്. ഈ മാസം അഞ്ചു മുതൽ പത്ത് വരെ റഗുലർ ക്ലാസ് ഉണ്ടാകില്ലെന്ന്
അക്കാദമിക് ഡയറക്ടർ അറിയിച്ചു. പരീക്ഷകളും മാറ്റി വച്ചു.
ഇതിനിടെ സിദ്ധാർത്ഥിനെ മരിച്ച നിലയിൽ കണ്ടെത്തിയ ഹോസ്റ്റലിലെ മുഴുവൻ വിദ്യാർത്ഥികളെയും സസ്പെൻഡ് ചെയ്തു. എസ്എഫ്ഐയുടെ ആൾക്കൂട്ട വിചാരണക്ക് ഇരയായി സിദ്ധാർത്ഥിന് മർദ്ദനമേൽക്കുമ്പോൾ ഹോസ്റ്റലിലുണ്ടായിരുന്ന വിദ്യാർത്ഥികളെയാണ് ഒരാഴ്ചത്തേക്ക് സസ്പെൻഡ് ചെയ്തത്. അധികൃതരെ വിവരം അറിയിക്കാത്തതിനാണ് സസ്പെൻഷൻ. ഒന്നാം വർഷ വിദ്യാർത്ഥികൾക്കുൾപ്പെടെയാണ് സസ്പെൻഷൻ. ആകെ 130 വിദ്യാർഥികളാണ് ഹോസ്റ്റലിലുണ്ടായിരുന്നത്.