കോട്ടയം : സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍ (അലി അക്ബർ) ബിജെപി വിട്ടു എന്ന വാര്‍ത്ത സമൂഹമാധ്യമങ്ങളിൽ ചൂടന്‍ ചർച്ചയായിരുന്നു. രാമസിംഹനെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ രംഗത്തെത്തി. പാര്‍ട്ടി ബന്ധം പൂര്‍ണമായും ഉപേക്ഷിച്ചു എന്ന രീതിയിലുള്ള പോസ്റ്റുകള്‍ രാമസിംഹൻ തന്നെയാണ് ഫെയ്സ്ബുക്കില്‍ കുറിച്ചത്. മറ്റൊരു പാര്‍ട്ടിയിലേക്ക് പോകുന്നുവെന്ന രീതിയിലുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചപ്പോൾ, വിശദീകരണ കുറിപ്പുകളുമായി രാമസിംഹന്‍ വീണ്ടും രംഗത്തെത്തി.
‘‘ഇദ്ദേഹത്തെ വിട്ടുള്ള കളിയില്ല. അങ്ങനെ ആരും ധരിക്കുകയും വേണ്ട’’ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോൽ പിടിച്ചു നിൽക്കുന്ന ചിത്രം സഹിതം പോസ്റ്റ് ചെയ്താണു രാമസിംഹൻ വീണ്ടും വാർത്തകളിൽ നിറയുന്നത്. ആദ്യ പോസ്റ്റ് ഇങ്ങനെയായിരുന്നു: ‘‘പണ്ട് പണ്ട് കുമ്മനം രാജേട്ടൻ തോറ്റപ്പോൾ വാക്ക് പാലിച്ചു മൊട്ടയടിച്ചു, ഇനി ആർക്കും വേണ്ടി മൊട്ടയടിക്കില്ല എനിക്ക് വേണ്ടിയല്ലാതെ. ഒപ്പം ഒരു സന്തോഷം പങ്കുവയ്ക്കട്ടെ, ഇപ്പോൾ ഞാൻ ഒരു രാഷ്ട്രീയത്തിനും അടിമയല്ല. തികച്ചും സ്വതന്ത്രൻ. എല്ലാത്തിൽനിന്നും മോചിതനായി. ഒന്നിന്റെ കൂടെമാത്രം, ധർമത്തോടൊപ്പം. ഹരി ഓം’’.
പാര്‍ട്ടിയില്‍നിന്ന് രാജി വയ്ക്കുന്നതായി അറിയിക്കുന്നു എന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റിന് ഇമെയില്‍ അയച്ചതിന്‍റെ സ്ക്രീന്‍ഷോട്ടും പോസ്റ്റിന്‍റെ ആദ്യ കമന്‍റായി പങ്കുവച്ചിരുന്നു. മറ്റൊരു പോസ്റ്റിൽ, ‘‘ഞാനെങ്ങോട്ടും പോയിട്ടില്ല, പോകുന്നുമില്ല. അതിനെച്ചൊല്ലി കലഹം വേണ്ട, ഇവിടെത്തന്നെ ഉണ്ട്. ഒരു കച്ചവടത്തിനും ഇല്ല, ഒന്നും നേടാനുമില്ല. പഠിച്ച ധർമത്തോടൊപ്പം ചലിക്കുക, അത്രയേയുള്ളൂ. അതിന് ഒരു സംഘടനയും വേണ്ട, സത്യം മാത്രം മതി’’ എന്നാണ് അദ്ദേഹം കുറിച്ചത്.