Friday, December 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 1100 വിക്കറ്റുകൾ തികച്ച് ജെയിംസ് ആൻഡേഴ്സൺ

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 1100 വിക്കറ്റുകൾ തികച്ച് ജെയിംസ് ആൻഡേഴ്സൺ

പേസ് ബൗളറെ സംബന്ധിച്ച് അവിശ്വസനീയമായ പ്രായമാണ്. അത് ക്രിക്കറ്റിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റായ ടെസ്റ്റ് ക്രിക്കറ്റിലാവുമ്പോള്‍ പ്രത്യേകിച്ചും അത്ഭുതം കൂടും. ഈ പ്രായത്തിലും അളന്നുമുറിച്ച ലൈനും ലെങ്‌തും സ്വിങുമായി ബാറ്റര്‍മാരെ വരച്ച വരയില്‍ നിര്‍ത്തുന്ന ഇംഗ്ലണ്ട് പേസര്‍ ജിമ്മി ആന്‍ഡേഴ്‌സണ്‍ ക്രിക്കറ്റിന്‍റെ അപാര സൗന്ദര്യമാണ്. ആഷസ് ക്രിക്കറ്റ് പരമ്പരയില്‍ എഡ്‌ജ്‌ബാസ്റ്റണിലെ ആദ്യ ടെസ്റ്റില്‍ ഓസീസ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ അലക്‌സ് ക്യാരിയുടെ മിഡില്‍ സ്റ്റംപ് പിഴുതാണ് ജിമ്മി തന്‍റെ ക്ലാസിന് 40-ാം വയസിലും കോട്ടം തട്ടിയില്ലെന്ന് തെളിയിച്ചത്. ഇതോടെ ഒരു അത്യപൂര്‍വ നാഴികക്കല്ല് ജിമ്മി ആന്‍ഡേഴ്‌സണിന്‍റെ പേരിലായി. ഓസ്ട്രേലിയയുടെ ആദ്യ ഇന്നിംഗ്‌സില്‍ അലക്‌സ് ക്യാരിയെ ബൗള്‍ഡാക്കിയതോടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 1100 വിക്കറ്റുകള്‍ ജയിംസ് ആന്‍ഡേഴ്‌സണ്‍ പൂര്‍ത്തിയാക്കി. ഓഫ് സ്റ്റംപിന് പുറത്ത് നിന്നുള്ള ജിമ്മിയുടെ കുത്തിത്തിരിഞ്ഞ ഇന്‍-സ്വിങറില്‍ ക്യാരിക്ക് മറുപടിയുണ്ടായിരുന്നില്ല. പന്ത് പ്രതിരോധിക്കാന്‍ ശ്രമിച്ച ക്യാരിക്ക് മിഡ്‌ സ്റ്റംപ് തന്നെ ഇളകുന്നത് നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ. 99 പന്ത് നേരിട്ട് 10 ഫോറും ഒരു സിക്‌സും ഉള്‍പ്പടെ 66 റണ്‍സ് നേടി മികച്ച ടച്ചിലായിരുന്ന ക്യാരിയെയാണ് ജിമ്മി ആന്‍ഡേഴ്‌സണ്‍ അനായാസം ഡ്രസിംഗ് റൂമിലേക്ക് പറഞ്ഞയച്ചത്. ഈ വിക്കറ്റാണ് ലീഡ് നേടാമെന്നുള്ള ഓസ്‌ട്രേലിയയുടെ സ്വപ്‌നങ്ങള്‍ക്ക് കനത്ത തിരിച്ചടി നല്‍കിയത്. 180 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള ആന്‍ഡേഴ്‌സണ്‍ 686 വിക്കറ്റുകള്‍ ഇതുവരെ നേടി.

മത്സരത്തില്‍ ഉസ്‌മാന്‍ ഖവാജയുടെ തകര്‍പ്പന്‍ സെഞ്ചുറിക്കിടയിലും ആദ്യ ഇന്നിംഗ്‌സില്‍ ഓസീസ് ഏഴ് റണ്‍സിന്‍റെ ലീഡ് വഴങ്ങി. ഇംഗ്ലണ്ടിന്‍റെ 393 പിന്തുടര്‍ന്ന ഓസീസ് 116.1 ഓവറില്‍ 386 റണ്‍സില്‍ എല്ലാവരും പുറത്തായി. ട്രാവിഡ് ഹെഡും(50), അലക്‌സ് ക്യാരിയും(66) അര്‍ധസെഞ്ചുറികള്‍ നേടി. ഇംഗ്ലണ്ടിനായി ഓലീ റോബിന്‍സണും സ്റ്റുവര്‍ട്ട് ബ്രോഡും മൂന്ന് വീതവും മൊയീന്‍ അലി രണ്ടും ബെന്‍ സ്റ്റോക്‌സും ജയിംസ് ആന്‍ഡേഴ്‌സനും ഓരോ വിക്കറ്റും വീഴ്‌ത്തി. നേരത്തെ, ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്‌സ് ഒന്നാം ദിനം മൂന്നാം സെഷന്‍ പൂര്‍ത്തിയാകും മുമ്പ് 78 ഓവറില്‍ 393-8 എന്ന നിലയില്‍ ഡിക്ലെയര്‍ ചെയ്‌തിരുന്നു. സെഞ്ചുറി നേടിയ ജോ റൂട്ടാണ്(118) ടോപ് സ്കോറര്‍. സാക്ക് ക്രൗലിയും(61), ജോണി ബെയ്‌ര്‍സ്റ്റോയും(78) അര്‍ധസെഞ്ചുറികള്‍ നേടി. ഓസീസിനായി നഥാന്‍ ലിയോണ്‍ നാലും ജോഷ് ഹേസല്‍വുഡ് രണ്ടും കാമറൂണ്‍ ഗ്രീനും സ്കോട്ട് ബോളണ്ടും ഓരോ വിക്കറ്റും സ്വന്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments