ഒഡിഷ ട്രെയിൻ അപകടത്തിൽ പരുക്കേറ്റ ഒരാൾ കൂടി മരണത്തിന് കീഴടങ്ങിയതോടെ, ദുരന്തത്തിൽ പൊലിഞ്ഞ ജീവനുകളുടെ എണ്ണം 292 ആയി. കട്ടക്കിലെ എസ്‌സിബി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പശ്ചിമ ബംഗാൾ സ്വദേശി പല്‌തു നസ്‌കർ ഇന്ന് രാവിലെ മരിച്ചതോടെയാണ് മരണസംഖ്യ ഉയർന്നത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ നസ്‌കർ ജൂൺ 17 മുതൽ വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്.
അപകടത്തിൽ പരുക്കേറ്റ 205 പേരെ എസ്‌സിബി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലുള്ള 45 പേരിൽ 12 പേർ ഐസിയുവിലാണ്. അവരിൽ രണ്ടു പേരുടെ നില ഗുരുതരവുമാണ്.
ഒഡിഷ ട്രെയിൻ അപകടത്തിൽ അഞ്ച് പേരെ സിബിഐ സംഘം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ബഹനഗ ബസാർ അസിസ്റ്റന്റ് സ്റ്റേഷൻ മാസ്റ്റർ, ഗേറ്റ് മാൻ എന്നിവരടക്കം അഞ്ച് പേരാണ് കസ്റ്റഡിയിൽ ഉള്ളത്. ഒൻപത് റെയിൽവേ ഉദ്യോഗസ്ഥർ സിബിഐയുടെ നിരീക്ഷണത്തിലുണ്ടെന്നാണ് വിവരം.100 ഓളം പേരെ സിബിഐ സംഘം ഇതിനോടകം ചോദ്യം ചെയ്തു. നിലവിൽ പത്തംഗ സിബിഐ സംഘം ബാലസോറിൽ തന്നെ തുടരുകയാണ്.