ന്യൂഡൽഹി: പശ്ചിമബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് എല്ലാ ജില്ലകളിലും കേന്ദ്ര സേനയെ വിന്യസിക്കണമെന്ന കൽക്കട്ട ഹൈകോടതി വിധി സുപ്രീംകോടതി ശരിവെച്ചു. സ്വതന്ത്രവും നീതിപൂർവകവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്താനാണ് ഹൈകോടതി നടപടിയെന്ന് വ്യക്തമാക്കി, വിധിക്കെതിരെ തൃണമൂൽ കോൺഗ്രസ് സർക്കാറും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനും സമർപ്പിച്ച ഹരജികൾ ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ച് തള്ളി.
ബി.ജെ.പി നേതാവ് കൂടിയായ ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി സമർപ്പിച്ച ഹരജിയിലാണ് എല്ലാ ജില്ലകളിലും കേന്ദ്ര സേനയെ വിന്യസിക്കാൻ കൽക്കട്ട ഹൈകോടതി ഉത്തരവിട്ടത്. ഒറ്റ ദിവസംകൊണ്ട് ബംഗാളിലൊന്നാകെ തെരഞ്ഞെടുപ്പ് നടത്തുന്ന സാഹചര്യത്തിൽ സ്വതന്ത്രവും നീതിപൂർവകവുമായ തെരഞ്ഞെടുപ്പിന് കേന്ദ്ര സേന അനിവാര്യമാണെന്ന ഹൈകോടതി ഉത്തരവിൽ ഇടപെടേണ്ട കാര്യമില്ലെന്ന് ബെഞ്ച് തുടർന്നു.സ്വതന്ത്രവും നീതിപൂർവകവുമായ തെരഞ്ഞെടുപ്പിന്റെ കാര്യത്തിലുള്ള ആശങ്കയല്ലേ വേണ്ടതെന്നും സേന എവിടെനിന്നാണെന്ന് നോക്കേണ്ടതുണ്ടോ എന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനോട് സുപ്രീംകോടതി ചോദിച്ചു.