അർജന്‍റൈൻ ഇതിഹാസം ലയണൽ മെസ്സിയും അമേരിക്കൻ മേജർ സോക്കർ ലീഗ് ക്ലബ് ഇന്റർ മിയാമിയും തമ്മിൽ ഒപ്പിടുന്ന കരാറിന്‍റെ വിവരങ്ങൾ പുറത്ത്. 150 ദശലക്ഷം ഡോളർ (ഏകദേശം 1230 കോടി രൂപ) മൂല്യമുള്ളതാണ് കരാറെന്ന് യു.എസ് ഡിജിറ്റൽ മാധ്യമമായ സ്പോർട്ടിക്കോ റിപ്പോർട്ട് ചെയ്തു.മെസ്സിയുടെ ശമ്പളം, സൈനിങ് ബോണസ്, ക്ലബിലെ ഓഹരി പങ്കാളിത്തം എന്നിവയെല്ലാം ഉൾപ്പെടുന്നതാണ് കരാറെന്ന് റിപ്പോർട്ട് പറയുന്നു. 2025 വരെയാണ് മെസ്സിയുമായി ക്ലബിന് കരാറുണ്ടാകുക. കൂടാതെ, ഒരു വർഷത്തേക്കു കൂടി കരാർ നീട്ടാനുള്ള ഓപ്ഷനും ഉണ്ടാകും. എന്നാൽ, മേജർ സോക്കർ ലീഗ് പാർട്ണർമാരായ ആപ്പിൾ, അഡിഡാസ്, ഫനാറ്റിക്സ് തുടങ്ങിയ കമ്പനികൾ മെസ്സിക്കു നൽകേണ്ട ലാഭവിഹിതം ഇതിൽ ഉൾപ്പെടുന്നില്ല.
അഡിഡാസുമായി ആജീവനാന്ത കരാറിലുള്ള മെസ്സിക്ക് ഇതിലൂടെ അധിക വരുമാനം ലഭിക്കും. എന്നാൽ, 2007ൽ മേജർ സോക്കർ ലീഗിലേക്കു വന്ന ഇംഗ്ലണ്ട് സൂപ്പർതാരം ഡേവിഡ് ബെക്കാമിനു ലഭിച്ചതിനു സമാനമായി പുതിയൊരു ക്ലബിനെ സ്വന്തമാക്കാനുള്ള അവസരം മെസ്സിക്കുണ്ടാകില്ല. ബെക്കാമിന്‍റെ ലീഗിലേക്കുള്ള വരവാണ് ഇന്‍റർ മിയാമി ക്ലബിന്‍റെ രൂപവത്കരണത്തിലേക്ക് നയിച്ചത്.കരാർ നടപടികൾ വേഗത്തിൽ പൂർത്തിയാകുകയാണെങ്കിൽ അടുത്ത മാസം മെസ്സി ക്ലബിനുവേണ്ടി അരങ്ങേറ്റ മത്സരം കളിക്കും. ജൂലൈ 21ന് മെക്സിക്കൻ ക്ലബ് ക്രൂസ് അസുലിനെതിരെയാകും താരത്തിന്‍റെ ആദ്യ മത്സരം.