ന്യൂഡൽഹി∙ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ഔദ്യോഗിക വസതി പുനര്‍നിർമാണത്തിലെ ക്രമക്കേടുകളും നിയമലംഘനങ്ങളും കണ്ടെത്തുന്നതിനായി പ്രത്യേക ഓഡിറ്റ് നടത്താൻ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി). ലഫ്‌റ്റനന്റ് ഗവർണറുടെ രാജ് നിവാസ് ഉദ്യോഗസ്ഥരാണ് ക്രമക്കേട് സിഎജി അന്വേഷിക്കുമെന്നു വ്യക്തമാക്കിയത്. 53 കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം പുനർനിർമിച്ചതെന്നാണ് കണക്കുകൾ.
കഴിഞ്ഞ മേയിൽ വീട് പുനർനിർമാണത്തിലെ ക്രമക്കേട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ലഫ്‌റ്റനന്റ് ഗവർണർ വി.കെ. സക്‌സേന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. വീട് പുനർനിർമാണത്തിൽ പ്രഥമദൃഷ്ട്യാ ക്രമക്കേടുകളുണ്ടെന്നതു ചൂണ്ടിക്കാട്ടിയാണ് ഗവർണർ കത്ത് നൽകിയത്. ഡൽഹി ചീഫ് സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആവശ്യപ്പെട്ടത്. പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലല്ലാതിരുന്ന കെട്ടിടത്തിൽ അനുമതി നേടാതെയാണ് നവീകരണം തുടങ്ങിയത്. വ്യാപക ക്രമക്കേടുകളും നിയമലംഘനങ്ങളും ഡൽഹി സർക്കാരും പൊതുമരാമത്ത് വകുപ്പും നടത്തിയിട്ടുണ്ട്. വിവിധ നിയമങ്ങൾ പാലിച്ചിട്ടില്ല. എസ്റ്റിമേറ്റ് തുകയൂടെ മൂന്നിരട്ടിയാണു ചെലവഴിച്ചത്. ഇതു ചെറിയ തുകകളാക്കിയാണു പാസാക്കിയെടുത്തതെന്നും റിപ്പോർട്ടിലുണ്ട്.
എന്നാൽ, ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളോ എഎപി പാർട്ടി വൃത്തങ്ങളോ പ്രതികരിച്ചിട്ടില്ല. വർഷങ്ങൾക്കു മുൻപുള്ള കെട്ടിടത്തിൽ അറ്റകുറ്റപ്പണികൾ ആവശ്യമാണെന്നായിരുന്നു എഎപിയുടെ നിലപാട്. ബിജെപി എതിർപ്പിനിടെയാണ് കെട്ടിടം പുനർനിർമിച്ചത്. ഇതിനായി പരിസ്ഥിതി നിയമം ലംഘിച്ചെന്ന കേസ് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ പരിഗണനയിലാണ്.