ന്യൂഡൽഹി: ചന്ദ്രയാൻ-3 ജൂലൈ പകുതിയോടെ വിക്ഷേപിക്കുമെന്ന് ഐ.എസ്.ആർ.ഒ. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും ജൂലൈ 12നും 19നും ഇടയിലായിരിക്കും വിക്ഷേപണം. എന്നാൽ, ചില വക്താക്കളെ ഉദ്ധരിച്ച് വിക്ഷേപണം ജൂലൈ 13നാണെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം, കൃത്യമായ തീയതി പരീക്ഷണങ്ങൾക്ക് ശേഷമെ പറയാനാവുവെന്ന് ഐ.എസ്.ആർ.ഒ മേധാവി എസ്.സോമനാഥ് പറഞ്ഞു.
ചന്ദ്രയാന്റെ പരീക്ഷണം പൂർത്തിയാക്കി. ജൂലൈ 12നും 19നും ഇടയിലുള്ള തീയതിയിൽ വിക്ഷേപണം നടത്തും. പരീക്ഷണങ്ങൾക്ക് ശേഷം കൃത്യമായ തീയതി അറിയിക്കാമെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ സോമനാഥ് പറഞ്ഞു. ഇസ്റോയുടെ ഏറ്റവും കരുത്തുറ്റ വിക്ഷേപണ വാഹനമായ ലോഞ്ച് വെഹിക്കിൾ മാർക്ക്–3 ഉപയോഗിച്ചാണ് ചന്ദ്രയാൻ-3യുടെ വിക്ഷേപണം.615 കോടി രൂപയാണ് ചന്ദ്രയാൻ-3 മിഷന്റെ ബജറ്റ്. ഇതിനു മുൻപ് 2019 ൽ നടന്ന ചന്ദ്രയാൻ 2 വിക്ഷേപണത്തിൽ ഉപഗ്രഹവും, വിക്രം എന്ന ലാൻഡറും അതിനുള്ളിൽ പ്രഗ്യാൻ എന്ന റോവറുമുണ്ടായിരുന്നു. വിക്രം ലാൻഡർ ലാൻഡിങ്ങിനു തൊട്ടു മുൻപായി പൊട്ടിച്ചിതറിയത് മൂലം ദൗത്യം ഭാഗികമായാണ് വിജയിച്ചത്. ചന്ദ്രനിൽ ലാൻഡറും റോവറും ഇറക്കുകയെന്ന ഇന്ത്യയുടെ സ്വപ്നം അന്ന് നടന്നിരുന്നില്ല.