Saturday, November 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപ്ലസ് വൺ പ്രവേശനം; വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് മന്ത്രി വി. ശിവൻകുട്ടി

പ്ലസ് വൺ പ്രവേശനം; വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് മന്ത്രി വി. ശിവൻകുട്ടി

പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് മന്ത്രി വി. ശിവൻകുട്ടി. പ്ലസ് വൺ പ്രവേശനം മധ്യഘട്ടത്തിലാണ്. മൂന്നാം ഘട്ട അലോട്മെന്റ് കഴിഞ്ഞതിന് ശേഷമേ അലോട്മെന്റ് സംബന്ധിച്ച ചിത്രം വ്യക്തമാവൂ. നിലവിൽ ഒന്നും രണ്ടും ഘട്ടങ്ങളിൽ ആയി 2,22,377 പേർ പ്രവേശനം നേടിക്കഴിഞ്ഞു. മൂന്നാം അലോട്മെന്റിൽ 84,794 സീറ്റുകളിൽ കൂടി പ്രവേശനം ഉണ്ടാകും. സ്‌പോർട്സ് ക്വാട്ടയിൽ 3,841 സീറ്റുകൾ ഉണ്ട്. അങ്ങിനെ മൂന്ന് അലോട്ട്മെന്റുകളിൽ ആയി 3,11,012 പേർ പ്രവേശനം നേടുമെന്ന് കരുതുന്നു. കൂടാതെ കമ്മ്യൂണിറ്റി ക്വാട്ടയിൽ 23,914 സീറ്റുകളും മാനേജ്‌മെന്റ് ക്വാട്ടയിൽ 37,995 സീറ്റുകളും ഉണ്ട്.

അൺ എയിഡഡ് ക്വാട്ടയിൽ 54,585 സീറ്റുകൾ ആണുള്ളത്. അങ്ങിനെ മൊത്തം 4,27,506 സീറ്റുകൾ നിലവിൽ ഉണ്ട്. ഈ വർഷം എസ് എസ് എൽ സി പാസായവർ 4,17,944 ആണ്. ഇത്തവണ ഉപരി പഠനത്തിന് യോഗ്യത നേടിയ മുഴുവൻ കുട്ടികളും പ്രവേശനം നേടിയാലും ഹയർസെക്കണ്ടറിയിൽ മാത്രം സീറ്റുകൾ അധികം ഉണ്ടാകും. ഇത് കൂടാതെയാണ് വോക്കേഷണൽ ഹയർസെക്കണ്ടറി, പോളിടെക്നിക്, ഐ ടി ഐ സീറ്റുകൾ ഉള്ളത്. 1,04,449 സീറ്റുകൾ ആണ് ഈ സ്ട്രീമുകളിലായി ഉള്ളത്.

മലപ്പുറം ജില്ലയിൽ 81,022 അപേക്ഷകരാണ് ഉള്ളത്. ഇതിൽ 7008 പേർ മറ്റു ജില്ലകളിൽ നിന്നുള്ളവരാണ്. മലപ്പുറം ജില്ലയിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളിലായി 56,500 സീറ്റുകൾ ഉണ്ട്. അൺഎയ്ഡഡ് സ്കൂളുകളിൽ 11,286 സീറ്റുകളാണുള്ളത്. അതായത് മലപ്പുറം ജില്ലയിൽ ഹയർ സെക്കൻഡറിക്കായി മാത്രം 67,786 സീറ്റുകൾ ഉണ്ട്. വെക്കേഷണൽ ഹയർ സെക്കൻഡറിയിൽ 2,820 സീറ്റുകൾ ഉണ്ട്. കൂടാതെ പോളിടെക്നിക്, ഐടിഐ എന്നിവിടങ്ങളിൽ 6364 സീറ്റുകൾ ഉണ്ട് . ഇതെല്ലാം അടക്കം 76,970 സീറ്റുകൾ മലപ്പുറം ജില്ലയിൽ ഉണ്ട്. ഐടിസിയുടെ കണക്ക് ഇതിൽ വരുന്നുമില്ല.

മലപ്പുറത്ത് ഒന്നും രണ്ടും ഘട്ട അലോട്ട്മെന്റ് കഴിഞ്ഞപ്പോൾ പ്രവേശന ലിസ്റ്റിൽ വന്ന 4,886 കുട്ടികൾ ഏകജാലകം വഴി അർഹമായ സീറ്റുകളിൽ ചേർന്നില്ല എന്നതും കാണണം. അത്രയും സീറ്റുകൾ അടുത്തഘട്ടം അലോട്ട്മെന്റിൽ ഒഴിവുള്ള സീറ്റുകളായി പരിഗണിക്കപ്പെടും. മൂന്നാംഘട്ട അലോട്ട്മെന്റോടുകൂടി വലിയ വിഭാഗം കുട്ടികൾക്കും പ്രവേശനം ലഭ്യമാകും.

പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും യാതൊരു ആശങ്കയും വേണ്ടതില്ല. ഏതെങ്കിലും തരത്തിൽ ആശങ്ക നിലനിൽക്കുന്നുണ്ടെങ്കിൽ അതും പരിഹരിക്കാൻ ഉള്ള ശ്രമം സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകും. ഇതിന്റെ ഭാഗമായാണ് 14 ബാച്ചുകൾ മലപ്പുറത്തേയ്ക്ക് ട്രാൻസ്ഫർ ചെയ്തത്. മൂന്നാം അലോട്മെന്റിനു ശേഷം താലൂക്ക്തല, പഞ്ചായത്ത്‌തല പരിശോധനകൾ ഉണ്ടാകുമെന്നും ഇനിയും പ്രശ്നങ്ങൾ ഉള്ള മേഖലകൾ ഉണ്ടെങ്കിൽ താത്കാലിക അധിക ബാച്ചുകൾ അനുവദിക്കുമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments