കൊച്ചി: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പിഡിപി ചെയർമാൻ അബ്ദുന്നാസർ മഅ്ദനിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. ക്രിയാറ്റിൻ അളവ് 10ന് മുകളിൽ തുടരുന്നതും രക്തസമ്മർദ്ദം ഉയർന്ന നിൽക്കുന്നതമാണ് ആശങ്കക്ക് കാരണം. ആരോഗ്യനില മെച്ചപ്പെടാത്ത സാഹചര്യത്തിൽ കൊല്ലത്തേക്കുള്ള യാത്ര അനിശ്ചിതത്വത്തിലാണ്. മഅ്ദനിയുടെ ചികിത്സക്കായി പ്രത്യേക മെഡിക്കൽ സംഘം രൂപീകരിക്കണം എന്നാണ് കുടുംബത്തിൻ്റെ ആവശ്യം. മഅ്ദനിയുടെ പിതാവിനെ കൊച്ചിയിലേക്ക് എത്തിക്കാനുള്ള നീക്കമുണ്ട്.
തിങ്കളാഴ്ചയാണ് മഅ്ദനി കേരളത്തിലെത്തിയത്. സുപ്രിംകോടതി നേരത്തെ മഅ്ദനിക്ക് ജാമ്യം അനുവദിച്ചിരുന്നെങ്കിലും ബി.ജെ.പി സർക്കാർ കടുത്ത വ്യവസ്ഥകൾ വെച്ചതോടെ യാത്ര വേണ്ടെന്ന് വെക്കുകയായിരുന്നു. കർണാടകയിൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ എത്തിയതോടെയാണ് മഅ്ദനിയുടെ ജാമ്യവ്യസ്ഥയിൽ ഇളവ് ലഭിച്ചത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലാണ് ഇതിനായി ഇടപെടൽ നടത്തിയത്. പിതാവിനെ കാണാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് മഅ്ദനി പറഞ്ഞിരുന്നു.