ചെന്നൈ : തമിഴ്നാട്ടിൽ നിര്‍ണായക നീക്കം. അഴിമതി കേസിൽ ഇഡി കസ്റ്റഡിയിലുള്ള മന്ത്രി സെന്തിൽ ബാലാജിയെ തമിഴ്നാട് ഗവർണർ പുറത്താക്കി. മുഖ്യമന്ത്രിയുടെ ശുപാർശ ഇല്ലാതെയാണ് മന്ത്രിയെ പുറത്താക്കിയ നടപടി. വകുപ്പില്ലാ മന്ത്രിയായി ബാലാജി തുടരുന്നത് ഭരണഘടനാ സ്തംഭനത്തിന് വഴിവെക്കുമെന്ന് കാണിച്ചാണ് തമിഴ്നാട് ഗവർണറുടെ അസാധാരണ നടപടി. കഴിഞ്ഞ ദിവസമാണ് റെയിഡിന് പിന്നാലെ സെന്തിൽ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തത്. നിലവിൽ വകുപ്പില്ലാ മന്ത്രിയായി തുടരുന്നതിനിടെയാണ് ഗവർണറുടെ അസാധാരണ നടപടി.
സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്നാണ് ഇഡി വിശദീകരണം. എന്നാൽ അറസ്റ്റിന് പിന്നാലെ ഹൃദ്രോഗത്തിന് ചികിത്സയിലായ സെന്തിൽ ബാലാജിയെ ഇഡിക്ക് ഇതുവരെയും ചോദ്യം ചെയ്യാൻ കഴിഞ്ഞിട്ടില്ല. മന്ത്രി ഉടനൊന്നും ആശുപത്രി വിടില്ലെന്നാണ് വിവരം. 20 ദിവസം കൂടി നിരീക്ഷണത്തിൽ തുടരണമെന്നും, കുടുംബാങ്ങളെ പോലും ശാസ്ത്രക്രിയക്ക് ശേഷം കാണാൻ അനുവദിച്ചിട്ടില്ലെന്നുമാണ് കാവേരി ആശുപത്രി വ്യതമാക്കിയത്. തമിഴ്നാട്ടിൽ വകുപ്പില്ലാ മന്ത്രിയായി സെന്തിൽ ബാലാജി തുടരുന്നത് ചോദ്യംചെയ്തുള്ള ഹർജികൾ പരിഗണിക്കുന്നത് മദ്രാസ് ഹൈക്കോടതി ജൂലൈ 7 ലേക്ക് കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. മന്ത്രി തുടരുന്നത് അനൗചിത്യമെന്ന് ഗവർണർ പറയുന്നതും, പുറത്താക്കിയുള്ള ഉത്തരവും തമ്മിൽ വ്യത്യാസമുണ്ടെന്ന് ചീഫ് ജസ്റ്റിസ് വാക്കാൽ പരാമർശിച്ചു. ഭരണഘടനപരമായി മാത്രമേ ഇടപെടാനാകുവെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.