ചാലക്കുടി ∙ ബ്യൂട്ടി പാർലർ ഉടമയായ നായരങ്ങാടി കാളിയങ്കര വീട്ടിൽ ഷീല സണ്ണിയെ (51), മാരക ലഹരിമരുന്നായ എൽഎസ്‌ഡി സ്റ്റാംപ് കൈവശം വച്ചെന്നു കണ്ടെത്തി 72 ദിവസം ജയിലിലടച്ച സംഭവത്തിൽ വൻ വഴിത്തിരിവ്. ചാലക്കുടി ഷീ സ്റ്റൈൽ ബ്യൂട്ടി പാർലർ ഉടമയായ ഷീലയുടെ ബാഗിൽനിന്ന് എക്സൈസ് പിടിച്ചത് എൽഎസ്‌ഡി സ്റ്റാംപ് അല്ലെന്ന രാസപരിശോധനാ റിപ്പോർട്ട് പുറത്തുവന്നു.
ഷീല എൽഎസ്ഡി കൈവശംവച്ചിട്ടുണ്ടെന്ന് അറിയിച്ചയാൾക്കായി എക്സൈസ് വകുപ്പ് തിരച്ചിൽ തുടങ്ങി. എൽഎസ്ഡി സ്റ്റാംപെന്നു തോന്നിക്കുന്ന തരത്തിലുള്ള സ്റ്റിക്കറുകൾ ബാഗിൽ ഒളിപ്പിച്ചശേഷം ഇരിങ്ങാലക്കുട എക്സൈസ് സർക്കിൾ ഇൻസ്പെക്ടറെ നേരിട്ടു ഫോണിൽ വിളിച്ചു വിവരം നൽകിയിരിക്കാമെന്നാണു പ്രാഥമിക നിഗമനം. ഇൻസ്പെക്ടർ ജില്ലയ്ക്കു പുറത്തേക്കു സ്ഥലംമാറിപ്പോയെങ്കിലും അദ്ദേഹത്തിൽനിന്നു വിവരങ്ങൾ തേടിയിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തുമെന്ന് എക്സൈസ് അസി. കമ്മിഷണർ അറിയിച്ചു.
ലഹരി വസ്തുക്കൾ കയ്യിൽ വയ്ക്കുന്നത് ഗുരുതര കുറ്റമായതിനാൽ കീഴ്ക്കോടതികളിൽനിന്നു ഷീലയ്ക്കു ജാമ്യം ലഭിച്ചിരുന്നില്ല. തുടർന്നു ഹൈക്കോടതിയിൽനിന്നു ജാമ്യം നേടി മേയ് 10നാണ് ഷീല പുറത്തിറങ്ങിയത്. മേയ് 12ന് കാക്കനാട് റീജനൽ ലാബിൽ നിന്നുള്ള പരിശോധനാ റിപ്പോർട്ട് പുറത്തുവന്നെങ്കിലും ഇപ്പോഴാണ് കോപ്പി കൈവശം കിട്ടിയത്.
ബാഗിൽനിന്നു 12 എൽഎസ്‌ഡി സ്റ്റാംപുകൾ കണ്ടെടുത്തെന്നു ചൂണ്ടിക്കാട്ടിയാണ് ഫെബ്രുവരി 27നാണ് എക്സൈസ് ഷീലയെ ബ്യൂട്ടി പാർലറിൽനിന്ന് അറസ്റ്റ് ചെയ്തത്. എന്നാൽ എക്സൈസിനു ഗുരുതര വീഴ്ച സംഭവിച്ചെന്നു വ്യക്തമാക്കുന്നതാണ് ‘എൽഎസ്‌ഡി ടെസ്റ്റ് നെഗറ്റീവ്’ എന്ന റിപ്പോർട്ടോടെ കാക്കനാട് ലാബിൽനിന്നു പുറത്തുവന്ന പരിശോധനാഫലം. 12 സ്റ്റാംപുകളിലും നടത്തിയ 3 ടെസ്റ്റുകളിലും ഫലം നെഗറ്റീവാണ്.
തന്നെ വ്യാജ കേസിൽ കുടുക്കിയവരെ കണ്ടെത്തണമെന്നും അടുത്ത ബന്ധുവിനെ സംശയമുണ്ടെന്നും തന്നെ പ്രതിസ്ഥാനത്തുനിന്നു നീക്കാൻ ഹൈക്കോടതിയിൽ അപേക്ഷ നൽകുമെന്നും ഷീല പറഞ്ഞു. എക്സൈസ് വകുപ്പിനെതിരെ മാനനഷ്ടക്കേസ് നൽകുമെന്നു ഷീലയുടെ അഭിഭാഷകൻ നിഫിൻ പി.കരീമും അറിയിച്ചു.