ന്യൂഡൽഹി: നടൻ പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള നിർമാണ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷൻസിന് കേന്ദ്രത്തിന്റെ അംഗീകാരം. ജി എസ് ടി നികുതികൾ കൃത്യമായി ഫയൽ ചെയ്യുകയും അടയ്ക്കുകയും ചെയ്തതിനാണ് അംഗീകാരം.
കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ കീഴിൽ വരുന്ന സെൻട്രൽ ബോർഡ് ഒഫ് ഇൻഡയറക്‌ട് ടാക്‌സിന്റെ സർട്ടിഫിക്കറ്റ് കമ്പനിയ്ക്ക് ലഭിച്ചു. 2022-23 സാമ്പത്തിക വർഷത്തിലെ നികുതി അടവ് സംബന്ധിച്ചാണ് അംഗീകാരം. സർട്ടിഫിക്കറ്റിന്റെ പകർപ്പ് കമ്പനി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചു.2019ൽ പുറത്തിറങ്ങിയ ‘നയൻ’ ആണ് പൃഥ്വിരാജ് പ്രൊഡക്ഷൻ നിർമിച്ച ആദ്യ സിനിമ. നിർമാണ രംഗത്തും കമ്പനി സജീവമാണ്. രജനീകാന്തിന്റെ സൂപ്പർഹിറ്റ് സിനിമ ‘പേട്ട’യാണ് ആദ്യമായി വിതരണം ചെയ്ത ചിത്രം. പിന്നീട് മാസ്റ്റർ, കെ ജി എഫ്, കാന്താര, 777 ചാർളി തുടങ്ങിയ വമ്പൻ ചിത്രങ്ങളും കമ്പനി കേരളത്തിലെത്തിച്ചു. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസുമായി ചേർന്നും പൃഥ്വിരാജ് പ്രൊഡക്ഷൻസ് സിനിമകൾ നിർമിക്കുന്നുണ്ട്.