Wednesday, December 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsസര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യത്തെ ഒടിടി 'സി സ്പേസ്' വരുന്നു

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യത്തെ ഒടിടി ‘സി സ്പേസ്’ വരുന്നു

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി ഒരു സംസ്ഥാന സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള ഒടിടി (ഓവര്‍-ദ-ടോപ്) പ്ലാറ്റ് ഫോം അവതരിപ്പിക്കാനൊരുങ്ങി കേരളം. സംസ്ഥാന സര്‍ക്കാരിന്‍റെ ഒടിടി പ്ലാറ്റ് ഫോം ആയ ‘സി സ്പേസ്’ മാര്‍ച്ച് 7 ന് രാവിലെ 9.30 ന് തിരുവനന്തപുരം കൈരളി തിയേറ്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനാകും.

ഉള്ളടക്കത്തിലും പ്രചാരണത്തിലും ഒടിടി മേഖലയിലെ വര്‍ധിച്ചുവരുന്ന അസന്തുലിതാവസ്ഥകളോടും വെല്ലുവിളികളോടുമുള്ള പ്രതികരണമാണ് സി സ്പേസിലൂടെ സാധ്യമാക്കുന്നതെന്ന് പ്രശസ്ത ചലച്ചിത്ര സംവിധായകനും കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ (കെഎസ്എഫ് ഡിസി) ചെയര്‍മാനുമായ ഷാജി എന്‍ കരുണ്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കെഎസ്എഫ് ഡിസിക്കാണ് സി സ്പേസിന്‍റെ നിര്‍വ്വഹണച്ചുമതല. സി സ്പേസിലേക്കുള്ള സിനിമകള്‍ തെരഞ്ഞെടുക്കുന്നതിനും അംഗീകരിക്കുന്നതിനുമായി ചലച്ചിത്രപ്രവര്‍ത്തകരായ സന്തോഷ് ശിവന്‍, ശ്യാമപ്രസാദ്, സണ്ണി ജോസഫ്, ജിയോ ബേബി, എഴുത്തുകാരായ ഒ.വി ഉഷ, ബെന്യാമിന്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള 60 അംഗ ക്യൂറേറ്റര്‍ സമിതി കെഎസ്എഫ് ഡിസി രൂപീകരിച്ചിട്ടുണ്ട്. 

സി സ്പേസിലേക്ക് സമര്‍പ്പിക്കുന്ന ഉള്ളടക്കങ്ങളുടെ കലാപരവും സാംസ്കാരികവുമായ മൂല്യം സമിതി അംഗങ്ങള്‍ വിലയിരുത്തും. ഇവര്‍ ശുപാര്‍ശ ചെയ്യുന്ന സിനിമകള്‍ മാത്രമേ പ്ലാറ്റ് ഫോമില്‍ പ്രദര്‍ശിപ്പിക്കുകയുള്ളൂ. അന്തര്‍ദേശീയ ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ചവയും ദേശീയ-സംസ്ഥാന പുരസ്കാരങ്ങള്‍ നേടിയതുമായ സിനിമകള്‍ ക്യൂറേറ്റ് ചെയ്യാതെ തന്നെ പ്രദര്‍ശിപ്പിക്കും.

സി സ്പേസിന്‍റെ ആദ്യ ഘട്ടത്തിലേക്ക് 42 സിനിമകള്‍ ക്യൂറേറ്റര്‍മാര്‍ തെരഞ്ഞെടുത്തതായി ഷാജി എന്‍ കരുണ്‍ പറഞ്ഞു. ഇതില്‍ 35 ഫീച്ചര്‍ ഫിലിമുകളും 6 ഡോക്യുമെന്‍ററികളും ഒരു ഹ്രസ്വചിത്രവുമാണുള്ളത്. നിരവധി പുരസ്കാരങ്ങള്‍ നേടിയ ‘നിഷിദ്ധോ’, ‘ബി 32 മുതല്‍ 44 വരെ’ എന്നീ സിനിമകള്‍ സി സ്പേസ് വഴി പ്രീമിയര്‍ ചെയ്യും.

ലാഭവിഹിതത്തിലെയും കാഴ്ചക്കാരുടെ എണ്ണത്തിലെയും സുതാര്യതയും അത്യാധുനിക സാങ്കേതികമികവുമാണ് സി സ്പേസിന്‍റെ മുഖമുദ്ര. കാണുന്ന സിനിമയ്ക്ക് മാത്രം പണം നല്‍കുക എന്ന വ്യവസ്ഥയില്‍ പ്രവര്‍ത്തിക്കുന്ന സി സ്പേസില്‍ 75 രൂപയ്ക്ക് ഒരു ഫീച്ചര്‍ ഫിലിം കാണാനും ഹ്രസ്വചിത്രങ്ങള്‍ കുറഞ്ഞ തുകയ്ക്ക് കാണാനും അവസരമുണ്ടാകും. ഈടാക്കുന്ന തുകയുടെ പകുതി തുക നിര്‍മ്മാതാവിന് ലഭിക്കും. മാര്‍ച്ച് ഏഴ് മുതല്‍ ഉപഭോക്താക്കള്‍ക്ക് പ്ലേ സ്റ്റോറും ആപ്പ് സ്റ്റോറും വഴി സി സ്പേസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.
സിനിമയെ ഗൗരവമായി കാണുന്നവരെയും ചലച്ചിത്ര പഠിതാക്കളെയും പരിഗണിക്കുന്നതും കേരളീയ കലകളെയും സാംസ്കാരത്തെയും പ്രതിനിധീകരിക്കുന്നതുമായ ഉള്ളടക്കവും സി സ്പേസില്‍ ഉണ്ടാകും. സി സ്പേസ് വഴി കലാലയങ്ങളിലടക്കം ഫിലിം ക്ലബ്ബുകളെ പ്രോത്സാഹിപ്പിക്കാനും പദ്ധതിയുണ്ട്.

നിര്‍മ്മാതാക്കള്‍ സിനിമകള്‍ ഒടിടി പ്ലാറ്റ് ഫോമുകളില്‍ നേരിട്ട് റിലീസ് ചെയ്യുന്നതു മൂലം തിയേറ്റര്‍ ഉടമസ്ഥര്‍ക്കും വിതരണക്കാര്‍ക്കും ലാഭം കുറയുന്നുവെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ടെന്നും ഇത് ഉള്‍ക്കൊണ്ട് തിയേറ്ററുകളില്‍ റിലീസ് ചെയ്ത സിനിമകള്‍ മാത്രം പ്രദര്‍ശിപ്പിക്കാനാണ് സി സ്പേസ് തീരുമാനിച്ചിട്ടുള്ളതെന്നും കെഎസ്എഫ് ഡിസി മാനേജിംഗ് ഡയറക്ടര്‍ കെ.വി അബ്ദുള്‍ മാലിക് പറഞ്ഞു.

നിര്‍മ്മാതാക്കള്‍ക്ക് അവരുടെ സിനിമകള്‍ കാണുന്ന പ്രേക്ഷകരുടെ പിന്തുണയിലൂടെ നിര്‍മ്മാണച്ചെലവ് തിരിച്ചുപിടിക്കാനുള്ള അവസരം നല്‍കിക്കൊണ്ട് ക്രൗഡ് ഫണ്ടിംഗില്‍ ഒരു പുതിയ സമ്പ്രദായം ആരംഭിക്കാനും സി സ്പേസ് ഉദ്ദേശിക്കുന്നു. സിനിമാ പ്രവര്‍ത്തകരുടെ ക്ഷേമത്തിനായി നിശ്ചിത തുക നീക്കിവെക്കുന്ന പദ്ധതിയും പരിഗണനയിലുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments