Thursday, December 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsവെസ്റ്റിൻഡീസിന്റെ ലോകകപ്പ് സ്വപ്നങ്ങൾ തല്ലിക്കെടുത്തി ചരിത്രജയവുമായി സ്കോട്‌ലൻഡ്

വെസ്റ്റിൻഡീസിന്റെ ലോകകപ്പ് സ്വപ്നങ്ങൾ തല്ലിക്കെടുത്തി ചരിത്രജയവുമായി സ്കോട്‌ലൻഡ്

ബുലവായ:വെസ്റ്റിൻഡീസിന്റെ ലോകകപ്പ് സ്വപ്നങ്ങൾ തല്ലിക്കെടുത്തി ചരിത്രജയവുമായി സ്കോട്‌ലൻഡ്. ഏകദിനത്തിൽ ആദ്യമായി വിൻഡീസിനെ സ്കോട്‌ലൻഡ് തോൽപ്പിച്ചതോടെ ഈ വർഷം ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിൽ വെസ്റ്റിൻഡീസ് ടീം ഉണ്ടാകില്ല. രണ്ടു തവണ ഏകദിന ലോകകപ്പ് ചാംപ്യൻമാരായ വെസ്റ്റിൻഡീസാണ് യോഗ്യത നേടാനാകാതെ പുറത്തായത്. ഈ വർഷം ആദ്യം നടന്ന ട്വന്റി20 ലോകകപ്പിനും വെസ്റ്റിൻഡീസ് യോഗ്യത നേടിയിരുന്നില്ല.

സൂപ്പർ സിക്സ് റൗണ്ടിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾക്കാണ് ലോകകപ്പ് യോഗ്യത ലഭിക്കുക. 6 പോയിന്റ് വീതമുള്ള ശ്രീലങ്കയും സിംബാബ്‍വെയുമാണ് നിലവിൽ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിൽ. അടുത്ത മത്സരം ജയിച്ചാൽ ഇരുവർക്കും ലോകകപ്പ് യോഗ്യത ലഭിക്കും.

സൂപ്പർ സിക്സ് റൗണ്ട് മത്സരത്തിൽ ഏഴു വിക്കറ്റിനാണ് സ്കോട്ടിഷ് പട വിൻഡീസിനെ തകർത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് 43.5 ഓവറിൽ 181 റൺസിനു പുറത്തായി. 45 റൺസെടുത്ത് ജയ്സൺ ഹോൾഡർ ആണ് വിൻഡീസ് നിരയിലെ ടോപ് സ്കോറർ. റൊമാരിയോ ഷെപ്പേർഡ് (36), ഓപ്പണർ ബ്രൻഡൻ കിങ് (22), നിക്കോളാസ് പുരാൻ (21) എന്നിവരും പിടിച്ചുനിന്നെങ്കിലും മികച്ച കൂട്ടുകെട്ടുകൾ ഉണ്ടാകാതെ പോയത് വിൻഡീസിനു തിരിച്ചടിയായി.സ്കോട്‌‌ലൻഡിനായി ബ്രൻഡൻ മക്മുള്ളൻ മൂന്നു വിക്കറ്റും ക്രിസ് സോൾ, മാർക്ക് വാട്ട്, ക്രിസ് ഗ്രീവ്സ് എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി. ചെറിയ വിജയലക്ഷ്യം പിന്തുടർന്ന സ്കോട്‌ലൻഡ് വെറും മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ജയത്തിലെത്തുകയായിരുന്നു. അർധസെഞ്ചറി നേടിയ മാത്യു ക്രോസ് (74*), ബ്രൻഡൻ മക്മുള്ളൻ (69) എന്നിവരുടെ ബാറ്റിങ് ജയം അനായാസമാക്കി.

ആദ്യമായാണ് വെസ്റ്റിൻഡീസ് ടീമിനു ഏകദിന ലോകകപ്പിൽ പങ്കെടുക്കാൻ സാധിക്കാതെ പോകുന്നത്. ഇതിനു മുൻപു നടന്ന 12 ലോകകപ്പിലും കരീബിയൻ ടീമുണ്ടായിരുന്നു. 2019 ഏകദിന ലോകകപ്പിൽ യോഗ്യത റൗണ്ടിലൂടെയാണ് പ്രവേശിച്ചത്. 1975, 1979 ലോകകപ്പുകളിലാണ് വെസ്റ്റിൻഡീസ് ചാംപ്യന്മാരായത്. 1983ൽ ഫൈനലിലെത്തിയെങ്കിലും ഇന്ത്യയോടു പരാജയപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments