ഹരാരെ: ഒക്ടോബറിൽ ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിന് ശ്രീലങ്ക യോഗ്യത നേടി. ഇന്ന് നടന്ന മത്സരത്തിൽ സിംബാവെയെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ചാണ് ശ്രീലങ്ക ലോകകപ്പ് യോഗ്യത ഉറപ്പിച്ചത്. യോഗ്യതാ റൗണ്ടിൽ ഇതുവരെ കളിച്ച ആറ് മത്സരങ്ങളിലും ശ്രീലങ്ക ജയിച്ചു. എന്നാൽ സിംബാവെയുടെ ആദ്യ തോൽവിയാണ് ഇന്നത്തേത്. തോറ്റെങ്കിലും സിംബാവെയുടെ ലോകകപ്പ് പ്രതീക്ഷകൾ അവസാനിച്ചിട്ടില്ല.
ശ്രീലങ്കയ്ക്ക് പിന്നിൽ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ രണ്ടാമതാണ് സിംബാവെ.മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സിംബാവെ തുടക്കം മുതൽ വിക്കറ്റ് വീഴ്ച നേരിട്ടു. മികച്ച ഫോമിലുള്ള ഷോൺ വില്യംസ് ഒരറ്റത്ത് മികച്ച ബാറ്റിങ്ങ് കാഴ്ചവെച്ചതാണ് സിംബാവെയ്ക്ക് എടുത്ത് പറയാനുള്ളത്. വില്യംസ് 57 പന്തില്‍ നിന്ന് 56 റണ്‍സാണ് നേടിയത്. സിക്കന്ദർ റാസ 31 റൺസെടുത്ത് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. 32.2 ഓവർ ബാറ്റ് ചെയ്ത സിംബാവെ 165 റൺസിന് എല്ലാവരും പുറത്തായി.166 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലങ്ക അനായാസം ലക്ഷ്യത്തിലേക്ക് നീങ്ങി. തകർത്തടിച്ച ഓപ്പണർ പത്തും നിസങ്ക 101 റൺസ് നേടി പുറത്താകാതെ നിന്നു. ദിമുത് കരുണരത്ന 30 റൺസെടുത്തു പുറത്തായി. കുശാൽ മെൻഡിൻസും പുറത്താകാതെ 25 റൺസ് നേടി. ഒരു കാലത്ത് പ്രതിഭാസമ്പനമായ ശ്രീലങ്ക 1996 ലാണ് ഏകദിന ലോകകപ്പ് നേടിയിട്ടുള്ളത്.