സൂറിച്ച്: ഇടതടവില്ലാതൊഴുകുന്ന ആക്രമണങ്ങളും ആവേശനിമിഷങ്ങൾക്കിടെ പിറക്കുന്ന മനോഹര ഗോളുകളുമൊക്കെയാണ് കാൽപന്തുകളിയെ ആരാധകർക്ക് അത്രയേറെ പ്രിയതരമാക്കുന്നത്. നിമിഷാർധങ്ങളുടെ നേരിയ സാധ്യതകളിൽ എതിർപ്രതിരോധത്തിന്റെ കണ്ണുവെട്ടിച്ച് തൊടുക്കുന്ന ചാട്ടുളികളാൽ വലക്കണ്ണികൾ പ്രകമ്പനം കൊള്ളുന്നതാണ് കളിയുടെ ആഘോഷനിമിഷങ്ങൾ. ഗോളുകളിലേക്കുള്ള മുന്നേറ്റതാരങ്ങളുടെ ചടുലചലനങ്ങളെ ഓഫ്സൈഡ് കെണിയിൽ കുരുക്കിയാണ് പ്രതിരോധനിരക്കാർ ഗോളെന്നുറച്ച പല നീക്കങ്ങൾക്കും ഫലപ്രദമായി തടയിടുന്നത്. എന്നാൽ, ആ കണക്കുകൂട്ടലുകൾ ഇനി പഴയതുപോലെ പുലർന്നുകൊള്ളണമെന്നില്ല. മുന്നേറ്റങ്ങൾക്കിടയിലെ ഏറ്റവും വലിയ ‘രസംകൊല്ലി’യായ ഓഫ്സൈഡ് നിയമം പരിഷ്‍കരിക്കാനൊരുങ്ങുകയാണ് ആഗോള ഫുട്ബാൾ സംഘടനയായ ഫിഫ.
ഫുട്ബാളിലെ വിവാദ വിഷയങ്ങളിലൊന്നായ ഓഫ്‌സൈഡ് നിയമത്തിൽ മുന്നേറ്റനിരക്കാർക്ക് അനുഗുണമാവുന്ന രീതിയിലാണ് പരിഷ്കാരങ്ങൾ ആലോചിക്കുന്നത്. ഇതോടെ കൂടുതൽ ഗോൾ പിറക്കുകയും കളി കൂടുതൽ ആവേശകരവും ആകർഷകവുമാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ഫിഫയും ഇന്റർനാഷനൽ ഫുട്ബാൾ അസോസിയേഷൻ ബോർഡും (ഐ.എഫ്.എ.ബി) നടത്തിയ ചർച്ചയെ തുടർന്നാണ് ഓഫ്സൈഡ് നിയമം പരിഷ്‍കരിക്കാൻ തീരുമാനിച്ചത്. ഫിഫ ഡെവലപ്‌മെന്റ് ഡയറക്ടറായി പ്രവർത്തിക്കുന്ന മുൻ ആഴ്‌സനൽ മാനേജർ ആഴ്‌സൻ വെങ്ങറാണ് പുതിയ പരിഷ്‌കാരങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.
ആക്രമണാത്മക ഫുട്ബാളിന് ആക്കം കൂട്ടാനുള്ള നടപടികൾ സ്വീകരിക്കാൻ വെങ്ങറോട് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ ആവശ്യപ്പെടുകയായിരുന്നു. ഓഫ്സൈഡ് നിയമത്തിൽ മാറ്റം വരുത്തുന്നതോടെ അറ്റാക്കിങ് ഫുട്ബാളിന് അത് ഗുണകരമാകുമെന്ന നിരീക്ഷണത്തിൽ വെങ്ങറും സംഘവും അതിന് മുൻഗണന നൽകുകയായിരുന്നു. ഓഫ്സൈഡ് വിളികൾ പകുതിയായെങ്കിലും കുറക്കണമെന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗുമായി ബന്ധപ്പെട്ട ഒരു പഠനത്തിൽ നിർദേശിച്ചതും വെങ്ങറുടെ ചിന്തകൾക്ക് കരുത്തുപകർന്നു.