Sunday, January 12, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking news'സുരക്ഷാ മുന്നറിയിപ്പുകൾ പാലിക്കണം, സർക്കാർ സംവിധാനങ്ങളോട് പൂർണമായി സഹകരിക്കണം'; മുഖ്യമന്ത്രി

‘സുരക്ഷാ മുന്നറിയിപ്പുകൾ പാലിക്കണം, സർക്കാർ സംവിധാനങ്ങളോട് പൂർണമായി സഹകരിക്കണം’; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുട‌രുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ സുരക്ഷാ മുന്നറിയിപ്പുകൾ പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ സംവിധാനങ്ങളോട് സഹകരിക്കാൻ മടി കാണിക്കരുത്. നിരവധി ഇടങ്ങളിൽ നാശനഷ്ടങ്ങളുണ്ടാവുകയും ആളുകളെ വീടുകളിൽ നിന്ന് ഒഴിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഗുരുതരമായ ദുരന്ത സാഹചര്യത്തെ ഭയപ്പെടേണ്ട അവസ്ഥ ഇല്ലെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് വിലയിരുത്തിയിട്ടുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മലയോര മേഖലകളിലും തീരദേശങ്ങളിലും കൂടുതൽ ശ്രദ്ധ ആവശ്യമാണ്. കടൽ പ്രക്ഷുബ്ധമാകാനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിനു പോകാൻ പാടില്ല. ജലജന്യരോഗങ്ങളെയും പകർച്ചവ്യാധികളെയും കരുതിയിരിക്കണം. ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ കൈക്കൊള്ളണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് റെഡ് അലേര്‍ട്ടും ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും ആയിരുന്നു. കാലാവർഷം ശക്തമായ സാഹചര്യത്തിൽ 112 ദുരിതാശ്വാസ ക്യാമ്പുകൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. ഇതിൽ 766 കുടുംബങ്ങളിലെ 1006 പുരുഷന്മാർ, 1064 സ്ത്രീകൾ, 461 കുട്ടികൾ ഉൾപ്പെടെ ആകെ 2531 ആളുകളാണ് ക്യാമ്പുകളിലേക്ക് മാറിയത്. എല്ലാ ജില്ലകളിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. അടിയന്തര സഹായങ്ങൾക്കായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

ദേശീയ ദുരന്ത പ്രതികരണ സേന, പൊലീസ്, ഫയർ ഫോഴ്സ്, സിവിൽ ഡിഫെൻസ് വളണ്ടിയർമാർ, സന്നദ്ധ സേന, ആപ്‌ത മിത്ര എന്നീ സേനകളെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ സജ്ജരായിരിക്കാൻ മറ്റു കേന്ദ്ര സേനകൾക്കും നിർദേശം നൽകിയിട്ടുണ്ട്. മലയോരമേഖലകളിലേക്കുള്ള യാത്രകളും രാത്രി യാത്രകളും പൂർണ്ണമായും ഒഴിവാക്കുക. മലവെള്ളപ്പാച്ചിൽ, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, കടലാക്രമണം, ശക്തമായ കാറ്റ് എന്നിവയ്ക്കുള്ള സാധ്യതയുള്ളതിനാൽ ജാ​ഗ്രത തുടരുക. കാലാവർഷകെടുതിയിൽ ഇതുവരെ മൂന്ന് ജീവനുകളാണ് നഷ്ടമായത്. 29 വീടുകൾ പൂർണമായി തകർന്നു. 642 വീടുകൾക്ക് ഭാഗികമായി നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com