ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ അദ്ധ്യക്ഷനും കോണ്‍ഗ്രസ് നേതാവുമായ കനയ്യകുമാര്‍ എഐസിസി ഭാരവാഹിയായി. എന്‍എസ്‌യു എഐസിസി ഇന്‍ചാര്‍ജ് ആയാണ് നിയമനം. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് നിയമന വിവരം പ്രഖ്യാപിച്ചത്.നേരത്തെ സിപിഐ നേതാവായിരുന്ന കനയ്യകുമാര്‍ 2021ലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
പ്രധാനപ്പെട്ട ചുമതല തന്നെ കനയ്യകുമാറിന് നല്‍കുമെന്ന റിപ്പോര്‍ട്ടുകള്‍ അക്കാലം മുതല്‍ ഉണ്ടായിരുന്നു. യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ അദ്ധ്യക്ഷ സ്ഥാനത്തേക്കോ ഡല്‍ഹി കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തേക്കോ പരിഗണിക്കുമെന്നായിരുന്നു ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പറഞ്ഞിരുന്നത്. എന്നാല്‍ വിദ്യാര്‍ത്ഥി സംഘടനയുടെ ചുമതലയാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.വിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തന കാലത്തിന് ശേഷം കനയ്യകുമാര്‍ സ്വന്തം സംസ്ഥാനമായ ബീഹാര്‍ കേന്ദ്രീകരിച്ചായിരുന്നു സിപിഐയില്‍ പ്രവര്‍ത്തിച്ചിരുന്നത്. പിന്നീടാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. തുടര്‍ന്ന് കനയ്യകുമാറിന് സംസ്ഥാനത്ത് പാര്‍ട്ടി ഉത്തരവാദിത്തങ്ങള്‍ നല്‍കുന്നതില്‍ ബീഹാര്‍ കോണ്‍ഗ്രസ് നേതാക്കള്‍ എതിര്‍പ്പുയര്‍ത്തിയിരുന്നു.
അതേ സമയം ദേശീയ നേതൃത്വത്തിനും കനയ്യകുമാറിനെ ഡല്‍ഹിയിലെത്തിക്കാനായിരുന്നു താല്‍പര്യം.രാഹുല്‍ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രയിലെ മുഴുവന്‍ സമയ യാത്രികനായിരുന്നു കനയ്യകുമാര്‍. യാത്ര കഴിഞ്ഞ് മാസങ്ങള്‍ മാത്രം പിന്നിടുമ്പോഴാണ് കനയ്യകുമാറിന് എഐസിസി ഭാരവാഹിത്വം നല്‍കിയിരിക്കുന്നത്.