ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ മാര്‍ച്ച് ഏഴിന് ഡല്‍ഹിയില്‍ നടക്കുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി തീരുമാനിക്കും. ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക അന്ന് തന്നെ പ്രഖ്യാപിക്കാനുള്ള സാധ്യതയേറെയാണ്. ബിജെപി 195 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു.
നിരവധി കോണ്‍ഗ്രസ് സംസ്ഥാന ഘടങ്ങള്‍ സീറ്റ് വിഭജനം പൂര്‍ത്തിയാക്കുകയും സ്ഥാനാര്‍ത്ഥികളെ കണ്ടെത്തി പട്ടിക കേന്ദ്ര സ്‌ക്രീനിംഗ് കമ്മറ്റിക്ക് അയച്ചുകൊടുക്കുകയും ചെയ്തിട്ടുണ്ട്. ഈ പട്ടിക കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ ചര്‍ച്ച ചെയ്യുകയും അംഗീകരിക്കേണ്ടതും ഉണ്ട്.
പാര്‍ട്ടി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ അദ്ധ്യക്ഷനായ സമിതിയില്‍ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, അംബിക സോണി, അധിര്‍ രജ്ഞന്‍ ചൗധരി, ടിഎസ് സിങ് ദിയോ എന്നിവരടക്കമാണുള്ളത്. ഇന്ന് രാജസ്ഥാന്‍ സ്‌ക്രീനിംഗ് കമ്മറ്റിയുടെ യോഗം നടന്നു. സംസ്ഥാനത്തെ 25 ലോക്‌സഭ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ പട്ടിക തീരുമാനിക്കുകയും കേന്ദ്ര സമിതിക്ക് കൈമാറുകയും ചെയ്തു.
കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയുടെ യോഗം മാര്‍ച്ച് ഏഴിന് നടക്കും. അന്ന് നല്ലൊരു ശതമാനം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നതെന്ന് സച്ചിന്‍ പൈലറ്റ് യോഗത്തിന് ശേഷം പറഞ്ഞു. താന്‍ മത്സരിക്കണോ വേണ്ടയോ എന്ന തീരുമാനം കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി തീരുമാനിക്കുമെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.