ബംഗളൂരു: അധിക്ഷേപപരമായ വാക്കുകൾ പ്രധാനമന്ത്രിയ്‌ക്കെതിരെ പറയുന്നത് അവഹേളനവും നിരുത്തരവാദപരമായ പെരുമാറ്റവുമാണെന്ന് കർണാടക ഹൈക്കോടതി. എന്നാൽ അത് രാജ്യദ്രോഹമല്ലെന്നും കോടതി വ്യക്തമാക്കി. ഒരു സ്‌കൂൾ മാനേജ്‌മെന്റിനെതിരായി ചുമത്തിയ രാജ്യദ്രോഹ കേസ് തള്ളിക്കൊണ്ടാണ് കോടതി ഇത്തരത്തിൽ നിരീക്ഷിച്ചത്.
കർണാടക ഹൈക്കോടതിയുടെ കൽബുർഗി ബെഞ്ചിലെ ജസ്‌റ്റിസ് ഹേമന്ദ് ചന്ദൻ ഗൗണ്ടറാണ് ഇത്തരത്തിൽ നിരീക്ഷണം നടത്തിയത്. ബിഡാറിലെ ന്യൂ ടൗൺ പൊലീസ് ഇവിടുത്തെ ഷഹീൻ സ്കൂളിലെ മാനേജ്‌മെന്റ് അംഗങ്ങളായ അലാവുദ്ദീൻ, അബ്‌ദുൾ ഖാലിക്വ്, മുഹമ്മദ് ബിലാൽ ഇമാംദാർ, മൊഹമ്മദ് മെഹതാബ് എന്നിവർക്കെതിരെയാണ് രാജ്യദ്രോഹ കേസെടുത്തിരുന്നത്. ഐ പി സി 153(എ) പ്രകാരം ദേശദ്രോഹപരമായ വസ്‌തുതകൾ കേസിൽ കണ്ടെത്തിയില്ലെന്ന് കോടതി വ്യക്തമാക്കി.’പ്രധാനമന്ത്രിയെ ചെരുപ്പൂരിയടിക്കണം എന്ന് പറഞ്ഞത് രാജ്യദ്രോഹപരമല്ല അത് അവഹേളനമാണ്, നിരുത്തരവാദപരമാണ്. സർക്കാർ നയത്തിനെതിരായ വിമർശനം അനുവദനീയമാണ്. എന്നാൽ നയപരമായ തീരുമാനമെടുത്തതിന് ഭരണഘടനാപ്രവർത്തകരെ അപമാനിക്കാൻ കഴിയില്ല.’ കോടതി അറിയിച്ചു.
കുട്ടികൾ സ്‌കൂൾ പരിസരത്ത് അവതരിപ്പിച്ച നാടകത്തിലായിരുന്നു വിവാദമായ പരാമർശങ്ങൾ. എന്നാൽ സമൂഹമാദ്ധ്യമ അക്കൗണ്ടിലൂടെ നാടകരംഗങ്ങൾ പുറത്തുവിട്ടപ്പോഴാണ് വിവാദമായത്. കുട്ടികൾ നാടകം അവതരിപ്പിച്ചത് സാമുദായിക സൗഹാർദ്ദം തകർക്കുക എന്ന ഉദ്ദേശത്തോടെയല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.