കൊൽക്കത്ത: പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ സംഘർഷത്തിൽ ബംഗാളിൽ 14 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ബംഗാളിലെ മുർഷിദാബാദിൽ അഞ്ച് പേരും കൂച്ച് ബെഹാറിൽ മൂന്ന്, കിഴക്കൻ ബര്‍ദ്വാനിൽ രണ്ട്, വടക്കൻ ദിനാജ്പൂരിൽ രണ്ട്, നാദിയയിൽ ഒന്ന്, മാൾഡയിൽ ഒന്ന്, സൗത്ത് 24 പർഗനാസിൽ ഒരാളും കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട് ചെയ്തു.
ദിനാജ്പൂരിലെ ഹെംതബാദിൽ ഒരു തൃണമൂൽ കോൺഗ്രസ് പ്രവർത്തകനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഹൂഗ്ലിയിലെ ഖനാകുൽ ഏരിയയിൽ ബൂത്തിലുണ്ടായ വെടിവെപ്പിൽ ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പേർക്ക് വെടിയേറ്റതായും റിപ്പോർട്ട് ഉണ്ട്. ഉത്തർ ദിനാജ്പൂരിലെ ഗോൾപോഖറിൽ ടിഎംസിയും കോൺഗ്രസ് അനുഭാവികളും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ ഒരാൾ കൊല്ലപ്പെട്ടു. 52 കാരനായ തൃണമൂല്‍ പ്രവര്‍ത്തകന്‍ സതേഷുദ്ദീന്‍ ഷെയിഖിന്റെ മൃതദേഹം മുര്‍ഷിദാബാദിലെ ഖാര്‍ഗ്രയില്‍ നിന്ന് കണ്ടെടുത്തു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചു.സാംസര്‍ഗഞ്ചിലെ ലസ്‌കര്‍പൂരിലെ ബൂത്തുകള്‍ക്ക് സമീപം ബോംബാക്രമണം റിപ്പോര്‍ട്ട് ചെയ്തു. നബദ്വിപ്പിലെ മഹിസുരയില്‍ ബിജെപി ബൂത്ത് ഏജന്റിന് മര്‍ദ്ദനമേറ്റു. നാദിയ ജില്ലയിലെ ചപ്രയില്‍ തൃണമൂല്‍ കോണ്‍ഗ്രസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മൂര്‍ച്ചയേറിയ ആയുധങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തകരെ ആക്രമിച്ചെന്നും ഇതാണ് മരണത്തില്‍ കലാശിച്ചതെന്നും ടിഎംസി ആരോപിച്ചു.
പോളിംഗ് ബൂത്തിലേക്ക് കടക്കാന്‍ ശ്രമിച്ച ബിജെപി പോളിംഗ് ഏജന്റ് മദ്ഹബ് ബിശ്വാസിനെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞെന്നും മര്‍ദ്ദനത്തില്‍ അദ്ദേഹം കൊല്ലപ്പെട്ടെന്നും ബിജെപി ആരോപിച്ചു. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആരോപണം നിഷേധിച്ചു.ഈസ്റ്റ് ബര്‍ദ്വാന്‍ ജില്ലയില്‍ ഇന്നലെ വൈകിട്ട് സിപിഐഎം-ടിഎംസി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഗുരുതരമായി പരിക്കേറ്റ സിപിഐഎം പ്രവര്‍ത്തകന്‍ റജിബുള്‍ ഹഖ് ഇന്ന് രാവിലെ ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടു. സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഭംഗര്‍ പ്രദേശത്ത് ബോംബ് പൊട്ടിത്തെറിച്ച് രണ്ട് കുട്ടികള്‍ക്ക് പരിക്കേറ്റിരുന്നു.അതേസമയം ബിജെപി നേതാവ് സുവേന്ദു അധികാരി ബിഎസ്എഫിനും ബംഗാൾ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ഫോഴ്‌സ് കോർഡിനേറ്റർക്കും കോടതിയലക്ഷ്യ നോട്ടീസ് അയച്ചു.
ഹൈക്കോടതി ഉത്തരവ് അവഗണിച്ചതിനും സംസ്ഥാനത്തെ എല്ലാ പോളിങ് ബൂത്തുകളിലും കേന്ദ്രസേനയെ വിന്യസിക്കാത്തതിനുമാണ് സുവേന്ദു അധികാരി കോടതിയലക്ഷ്യ നോട്ടീസ് അയച്ചത്.അക്രമസംഭവങ്ങളെത്തുടര്‍ന്ന് പഞ്ചായത്ത് തിരഞ്ഞെടുപ്പ് അസാധുവാക്കണമെന്നാവശ്യപ്പെട്ട് കൊല്‍ക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ഇമെയില്‍ വഴി ഹര്‍ജി ലഭിച്ചെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പില്‍ ഒമ്പത് മണിവരെ 10.26 ശതമാനം പോളിംഗ് രേഖപ്പെടുത്തി. പശ്ചിമബംഗാളിലേത് ജനാധിപത്യത്തിലെ ഭയപ്പെടുത്തുന്ന ദിനമെന്ന് ഗവര്‍ണര്‍ ആനന്ദബോസ് പ്രതികരിച്ചു. തിരഞ്ഞെടുപ്പ് ബാലറ്റിലൂടെയാണ് നടത്തേണ്ടത്, മറിച്ച് ബുള്ളറ്റിലൂടെയല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.