തിരുവനന്തപുരം: വന്യജീവി സങ്കേതങ്ങളിലും വനാതിർത്തികളിലും മാലിന്യം തള്ളുന്നവർക്കുള്ള പിഴ ഇരട്ടിയാക്കാൻ വനംവകുപ്പ്. വനത്തിലേക്ക് അതിക്രമിച്ചുകടക്കുന്ന വാഹനങ്ങൾക്ക് അഞ്ചിരട്ടിവരെ പിഴയീടാക്കാനും ആലോചിക്കുന്നു.
വന്യജീവിസംഘർഷം ലഘൂകരിക്കാൻ അതിർത്തികളിൽ വേലിയും കിടങ്ങും സ്ഥാപിക്കുന്നതടക്കമുള്ള പദ്ധതികൾക്ക് പണം കണ്ടെത്താനാണ് പിഴത്തുക കൂട്ടുന്നത്. നിലവിൽ തടിലേലത്തിലൂടെയുംമറ്റും ട്രഷറിയിലേക്ക് അടയ്ക്കുന്നതിന്റെ പകുതിപോലും തങ്ങളുടെ പദ്ധതികൾക്ക് നൽകുന്നില്ലെന്ന് വനംവകുപ്പ് ആരോപിക്കുന്നുണ്ട്.
ധനവകുപ്പ് കനിയാത്ത സാഹചര്യത്തിൽ പദ്ധതികൾക്കുള്ള പണത്തിനായി വകുപ്പിന്റെ വരുമാനം വർധിപ്പിക്കാനുള്ള ശുപാർശ നൽകാനായി നിയോഗിച്ച ഉന്നതതല സമിതി റിപ്പോർട്ട് സമർപ്പിക്കുംമുമ്പാണ് പിഴത്തുക വർധിപ്പിക്കാനുള്ള തീരുമാനമെടുത്തത്.
നിലവിൽ വനത്തിലും വന്യജീവിസങ്കേതങ്ങളിലും മാലിന്യം തള്ളിയാൽ 1000 മുതൽ 5000 രൂപവരെയാണ് പിഴ. ഇതോടൊപ്പം ഒരുവർഷംമുതൽ അഞ്ചുവർഷംവരെ തടവിനും ശിക്ഷിക്കാം. പിഴത്തുകമാത്രം ഇരട്ടിയാക്കാനാണ് നിയമഭേദഗതിയിലൂടെ ഉദ്ദേശിക്കുന്നത്. അതേസമയം, നാട്ടിലെ റോഡരികിൽ മാലിന്യം വലിച്ചെറിഞ്ഞാൽ 50,000 രൂപവരെ പിഴയീടാക്കാനാണ് തദ്ദേശവകുപ്പിെന്റ തീരുമാനം.