കൂലിപ്പട്ടാളത്തെ നയിച്ച വാഗ്നർ ഗ്രൂപ്പ് തലവൻ യെവ്ഗിനി പ്രിഗോഷിനുമായി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിൻ കൂടിക്കാഴ്ച നടത്തി. തലസ്ഥാനമായ മോസ്കോയിലേക്ക് പ്രിഗോഷിൻ കൂലിപ്പട്ടാളത്തെ നയിച്ച് ദിവസങ്ങൾക്കുശേഷമാണ് കൂടിക്കാഴ്ച. മൂന്ന് മണിക്കൂർ നീണ്ട ചർച്ചയിൽ പ്രിഗോഷിൻ സ്ഥാപിച്ച സ്വകാര്യ സൈന്യത്തിന്റെ കമാൻഡർമാരും പങ്കെടുത്തതായി ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് അറിയിച്ചു.നേരത്തെ, വാഗ്നർ പട്ടാളം യുക്രെയ്നിൽ റഷ്യൻ സൈനികരോടൊപ്പം യുദ്ധം ചെയ്തിരുന്നു. റഷ്യയിലെ ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി ഏറെക്കാലമായുള്ള സംഘർഷമാണു പ്രിഗോഷിനെ ജൂൺ 24ന് റഷ്യക്കെതിരെ തിരിയാൻ പ്രേരിപ്പിച്ചത്. ബെലാറൂസ് പ്രസിഡന്റുമായുള്ള മധ്യസ്ഥ ചർച്ചയേത്തുടർന്നാണു കലാപം അവസാനിച്ചത്.
യുക്രെയ്ന്‍ യുദ്ധത്തിലെ വാഗ്നർ പട്ടാളത്തിന്റെ പ്രവർത്തനം, ജൂൺ 24ലെ സംഭവങ്ങൾ എന്നിവ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. കമാൻഡർമാരിൽനിന്നു പുട്ടിൻ വിശദീകരണം ആവശ്യപ്പെട്ടു. തങ്ങളുടെ സാഹചര്യം വിശദമാക്കിയ സൈനികർ മാതൃരാജ്യത്തിനായുള്ള പോരാട്ടം തുടരാൻ തയാറാണെന്നു പറഞ്ഞതായും പെസ്കോവ് വ്യക്തമാക്കി.