ന്യൂഡല്‍ഹി: ഏക സിവില്‍ കോഡിനെ പിന്തുണച്ച ആംആദ്മി പാര്‍ട്ടി കേന്ദ്ര നിലപാടില്‍ പാര്‍ട്ടി ഭരിക്കുന്ന പഞ്ചാബിനും ഗുജറാത്തിനും അതൃപ്തി. തങ്ങളോട് കൂടിയാലോചിക്കാതെയാണ് പാര്‍ട്ടി തീരുമാനമെടുത്തെന്നാണ് ഇരു സംസ്ഥാനങ്ങളും ആരോപിക്കുന്നത്. ഈ അസന്തുഷ്ടടി പഞ്ചാബ്, ഗുജറാത്ത് പാര്‍ട്ടി നേതൃത്വം കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിനെ അറിയിച്ചു.സിഖ് ഭൂരിപക്ഷമുള്ള സംസ്ഥാനമാണ് പഞ്ചാബ്.
ജനസംഖ്യയുടെ 57.69 ശതമാനം സിഖുകാരാണ്. ഗുജറാത്തിന്റെ കാര്യമെടുത്താല്‍ ജനസംഖ്യയുടെ 14.75 ശതമാനവും ഗോത്രവിഭാഗമാണ്. ഈ സാഹചര്യത്തില്‍ യുസിസിയെ പിന്തുണക്കുന്നത് പാര്‍ട്ടിക്ക് തിരിച്ചടിയാവുമെന്ന വിലയിരുത്തലിലാണ് നേതൃത്വം.തിങ്കളാഴ്ച്ച ഗുജറാത്തിലെ എഎപി നേതാക്കള്‍ ഡല്‍ഹിയില്‍ കെജ്രിവാളിന്റെ വസതിയിലെത്തി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് കേന്ദ്രനേതൃത്വത്തിനെ അതൃപ്തി അറിയിച്ചത്.ഗുജറാത്തിലെ പാര്‍ട്ടിയുടെ ഗോത്രമുഖമായ പ്രഫുല്‍ വാസവ യുസിസിയിലെ നിലപാടിനെ എതിര്‍ത്ത് ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച ദിവസമാണ് കൂടിക്കാഴ്ച്ച. യുസിസി ദേശീയ താല്‍പ്പര്യമല്ലെന്നതിനാല്‍ രാജ്യത്തെ ആദിവാസികളും മറ്റ് സമുദായങ്ങളും തന്റെ രാജിയെ പിന്തുണക്കുമെന്നായിരുന്നു വാസവ രാജിക്ക് പിന്നാലെ പ്രതികരിച്ചത്.
പാര്‍ട്ടി ഭരണഘടനയുടെ അനുച്ഛേദം 44 ല്‍ ഏക സിവില്‍കോഡ് നിര്‍ദേശിക്കുന്നുണ്ടെന്നാണ് എഎപി നിലപാട്. ഏക സിവില്‍കോഡിനെ തത്വത്തില്‍ പിന്തുണക്കുന്നു. വിഷയത്തില്‍ സമവായം ഉണ്ടാക്കണം. എല്ലാ മതവിഭാഗങ്ങളുമായും വിപുലമായ ചര്‍ച്ച വേണമെന്നും ആപ്പ് ആവശ്യപ്പെട്ടിരുന്നു. ഏക സിവില്‍ കോഡിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ എതിര്‍പ്പ് രേഖപ്പെടുത്തുന്നതിനിടെയാണ് ആപ്പ് പിന്തുണച്ചെത്തിയത്.