തിരുവനന്തപുരം: ഫാദർ യൂജിൻ പെരേരയ്ക്കെതിരായ കേസിൽ ശക്തമായ പ്രതിഷേധവുമായി ലത്തീൻ അതിരൂപത. നാളെ അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തും. കേരള ലാറ്റിൻ കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. ലത്തീൻ അതിരൂപത വികാരി ജനറൽ യൂജിൻ പെരേരക്കും മത്സ്യതൊഴിലാളികൾക്കും എതിരെയെടുത്ത കേസുകൾ പിൻവലിക്കണമെന്ന് ആവശ്യം.
തനിക്കെതിരെ കേസെടുക്കുന്നതും രാജ്യദ്രോഹിയായി ചിത്രീകരിക്കുന്നതും ആദ്യമല്ലെന്ന് കേസ് എടുത്തതിന് പിന്നാലെ യൂജിൻ പെരേര മാധ്യമങ്ങളോട് പറഞ്ഞിരുന്നു. നിയമ ലംഘനത്തിന്റെ വഴി സ്വീകരിച്ചിട്ടില്ല. ഏറ്റവും അപകടകരമായ സ്ഥിതിയിലാണ് മുതലപ്പൊഴി നിർമിച്ചിരിക്കുന്നത്. വിഴിഞ്ഞത്ത് വാഗ്ദാനങ്ങൾ പാലിച്ചില്ലെന്നും വിഴിഞ്ഞം സമരസമയത്തും തന്നെ രാജ്യദ്രോഹി എന്ന് വിളിച്ചിട്ടുണ്ടെന്നും യൂജിൻ പെരേര ആരോപിച്ചു.