തിരുവനന്തപുരം: കേരളത്തിൽ 50വർഷത്തിനിടെ ഒരു പുരോഗമനവുമില്ലെന്ന് കെ ബി ഗണേഷ് കുമാർ എം എൽ എ. മുൻപ് എന്ത് പ്രശ്നമാണോ ഉണ്ടായിരുന്നത് അത് ഇപ്പോഴും നിലനിൽക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. മന്ത്രി വി ശിവൻകുട്ടിയും വേദിയിൽ ഇരിക്കുപ്പോഴായിരുന്നു ഗണേഷിന്റെ ഈ വിമർശനം.
കേരളത്തിന്റെ മൊത്തം ചെലവിനായി എടുക്കുന്ന പണത്തിൽ സർക്കാർ ഉദ്യോഗസ്ഥർക്കായി മാറ്റുന്ന വിഹിതം അതിന്റെ 74ശതമാനമാണ്. ആ ശമ്പളത്തെ 100ശതമാനമായി കണക്കാക്കിയാൽ അതിൽ 64ശതമാനവും പോകുന്നത് സ്‌കൂൾ – കോളേജ് അദ്ധ്യാപകർക്കാണ്. അതിന് പറ്റിയഫലം കിട്ടുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. 50 വർഷം മുൻപ് ഇറങ്ങിയ ‘ഈ നാട്’ എന്ന സിനിമയിൽ പറയുന്ന എല്ലാ പ്രശ്നങ്ങളും ഇന്നും നിലനിൽക്കുന്നുണ്ട്. അതിനർത്ഥം കേരളത്തിൽ ഈ 50വർഷത്തിനിടെ വലിയ മാറ്റം ഒന്നും വന്നിട്ടില്ലെന്നാണ്.
ഒന്നുമുതൽ ഒൻപതാം ക്ലാസുവരെയുള്ള വിദ്യാർത്ഥികളെ തോൽപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് മുൻപ് ഒരു മന്ത്രി ഉത്തരവിറക്കി. ആ ഉത്തരവ് ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും അതിനാൽ തന്നെ വിദ്യാർത്ഥികളുടെ നിലവാരം കണക്കാക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എസ് എസ് എൽ സിയിൽ നാല് ചോദ്യങ്ങൾക്ക് ഉത്തരം എഴുതിയാൽ ജയിക്കാൻ കഴിയു. കുറച്ചുകൂടി വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഉത്തരവാദിത്വം നൽകുന്ന ഒരു പഠന സംവിധാനം കൊണ്ടുവരാൻ സർക്കാരിനോട് ആവശ്യപ്പെടുന്നുവെന്നും ഗണേഷ് പറഞ്ഞു.