ന്യൂഡല്‍ഹി: യമുനാ നദി കരകവിഞ്ഞതിനെ തുടര്‍ന്നുണ്ടായ പ്രളയ ദുരിതത്തില്‍ അകപ്പെട്ട ഡല്‍ഹിക്കാര്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. പ്രളയബാധിതരായ ഓരോ കുടുംബത്തിനും 10,000 രൂപ വീതം നല്‍കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
‘യമുനയുടെ തീരത്ത് താമസിക്കുന്ന തീരെ ദരിദ്രരായ നിരവധി കുടുംബങ്ങള്‍ വളരെയധികം കഷ്ടപ്പെട്ടു. ചില കുടുംബങ്ങളില്‍ അവരുടെ വീട്ടുപകരണങ്ങള്‍ മുഴുവന്‍ ഒലിച്ചുപോയി. പ്രളയബാധിതരായ ഓരോ കുടുംബത്തിനും പതിനായിരം രൂപ വീതം ധനസഹായം നല്‍കും. ആധാര്‍ കാര്‍ഡ് മുതലായ രേഖകള്‍ ഒലിച്ചുപോയവര്‍ക്കായി പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കും. വസ്ത്രങ്ങളും പുസ്തകങ്ങളും ഒഴുകിപ്പോയകുട്ടികള്‍ക്ക് സ്‌കൂള്‍ വഴി അവ നല്‍കും’ കെജ്‌രിവാള്‍ ട്വിറ്ററിലൂടെ അറിയിച്ചു.ഡല്‍ഹിയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കക്കെടുതി അറുതിയില്ലാതെ തുടരുകയാണ്. ദിവസങ്ങള്‍ കഴിഞ്ഞിട്ടും ജനജീവിതം ദുരിതത്തിലാണ്. യമുനാ ബസാര്‍, ഗീതാ കോളനി, മയൂര്‍ വിഹാര്‍ ഫേസ് ഒന്ന് തുടങ്ങിയിടങ്ങള്‍ ഇപ്പോഴും വെള്ളത്തിലാണ്.