ശ്രീനഗർ: ജമ്മുകാശ്മീരിൽ വാഹനം മറിഞ്ഞ് സിആർപിഎഫ് ജവാന്മാർക്ക് പരിക്ക്. ഗന്ദർബാൽ ജില്ലയിലെ സിന്ദ് നദിയിലേയ്ക്കാണ് സിആർപിഎഫ് സംഘം സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞത്. എട്ട് സൈനികർക്ക് പരിക്കേറ്റതായാണ് വിവരം. അമർനാഥിലേയ്ക്ക് ബാൾട്ടൽ വഴി വരികയായിരുന്ന വാഹനമാണ് ഉച്ചയോടെ അപകടത്തിൽപ്പെട്ടത്. സിആർപിഎഫും ജമ്മു കാശ്മീർ പൊലീസുമാണ് അപകടസ്ഥലത്തേയ്ക്ക് കുതിച്ചെത്തി രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റ സൈനികരെ ബാൾട്ടലിലെ ആശുപത്രിയിലേയ്ക്ക് മാറ്റി. പരിക്ക് സാരമുള്ളതല്ല എന്നാണ് വിവരം.
അതേസമയം കഴിഞ്ഞ ഏപ്രിലിൽ ജമ്മു കാശ്മീരിലെ പൂഞ്ചിൽ സൈനികവാഹനം അഗ്നിക്കിരയായത് ഭീകരാക്രമണമാണെന്ന് പിന്നീട് തെളിഞ്ഞിരുന്നു. സംഭവത്തിൽ അഞ്ച് ജവാന്മാർ വീരമൃത്യു വരിച്ചിരുന്നു. ഒരാൾക്ക് ഗുരുതരമായി പരിക്കറ്റു. പൂഞ്ച് ജില്ലയിലെ ഭംബർ ഗലിയിൽ നിന്ന് ടോട്ട ഗാലിയിലെ സൈനിക യൂണിറ്റിലേയ്ക്ക് പോവുകയായിരുന്ന ട്രക്കിനാണ് തീപിടിച്ചത്. ഗ്രനേഡ് ആക്രമണമാണുണ്ടായത് എന്നാണ് സൈന്യം വ്യക്തമാക്കുന്നത്. ഭീകരവിരുദ്ധ ഓപ്പറേഷൻ വിഭാഗത്തിലെ സൈനികർക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംഭവദിവസം ശക്തമായ മഴയുണ്ടായിരുന്നതിനാൽ ഇടിമിന്നലേറ്റ് ട്രക്കിന് തീപിടിച്ചതാണെന്നായിരുന്നു പ്രാഥമിക നിഗമനം.കൂടാതെ കഴിഞ്ഞ വെള്ളിയാഴ്ച കാശ്മീരിൽ ഇതരസംസ്ഥാനക്കാരെ ലക്ഷ്യമാക്കി ഭീകരാക്രമണമുണ്ടായിരുന്നു. തെക്കൻ കാശ്മീരിലെ ഷോപ്പിയാനിലുണ്ടായ ഭീകരാക്രമണത്തിൽ ബിഹാർ സ്വദേശികളായ മൂന്ന് പേർക്കാണ് വെടിയേറ്റത്. അൻമോൽ കുമാർ, ഹീരാലാൽ, പിന്തു എന്നീ ബിഹാറിൽ നിന്നുള്ള തൊഴിലാളികൾക്കാണ് വെടിയേറ്റത്. പ്രത്യേക പദവി പിൻവലിച്ചതിന് പിന്നാലെ കാശ്മീർ സ്വദേശികളല്ലാത്തവരെയും കാശ്മീരി പണ്ഡിറ്റുകളെയും ലക്ഷ്യം വെച്ചുകൊണ്ടുള്ള ഭീകരാക്രമണങ്ങൾ കാശ്മീരിൽ റിപ്പോർട്ട് ചെയ്തുവരുന്നുണ്ട്. അത്തരത്തിലുള്ള ഏറ്റവും പുതിയ ആക്രമണമാണ് ഷോപ്പിയാനിലുണ്ടായത് എന്നാണ് വിവരം.