തിരുവനന്തപുരം: കെഎസ്ആർടിസിയുടെ 1180 ബസുകൾ കട്ടപ്പുറത്ത് ആണെന്ന് സിഎംഡി ബിജു പ്രഭാകർ. രാജ്യത്ത് ഏറ്റവും കൂടുതൽ ബസുകൾ കട്ടപ്പുറത്തുളളത് ഇവിടെയാണെന്നും ഫേസ്ബുക്ക് ലൈവിൽ അദ്ദേഹം പറഞ്ഞു. യൂണിയനുകൾക്കെതിരായ വിമർശനം കടുപ്പിച്ച സിഎംഡി, കെഎസ്ആർടിസിയിൽ ഓഡിറ്റിംഗ് ശരിയല്ലെന്നും വെളിപ്പെടുത്തി.
സ്വിഫ്റ്റ് കമ്പനി രൂപീകരണവും അതിനെതിരെ ഉയർന്നിട്ടുള്ള വിമർശനങ്ങൾക്കുമുള്ള മറുപടിയാണ് ഫേസ്ബുക്ക് ലൈവിന്റെ രണ്ടാം പതിപ്പിൽ ബിജു പ്രഭാകർ വിശദീകരിക്കുന്നത്. സ്വിഫ്റ്റ് കമ്പനി കെഎസ്ആർടിസിയുടെ അന്തകനാണെന്ന് യൂണിയനുകളുടെ വിമർശനം സി എം ഡി തള്ളി. കെഎസ്ആർടിസിയിൽ ഓഡിറ്റിംഗ് ശരിയല്ലെന്ന് സി എം ടി തന്നെ സമ്മതിക്കുന്നത് വലിയ ചർച്ചകൾക്ക് വഴിവെക്കുന്നതാണ്. മൂന്നുവർഷം ശ്രമിച്ചിട്ട് രണ്ടുവർഷത്തെ ഓഡിറ്റാണ് പൂർത്തിയാക്കാനായതെന്നാണ് അദ്ദേഹത്തിന്‍റെ വെളിപ്പെടുത്തൽ.