ബെംഗളൂരു: പ്രധാമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. ഒറ്റക്ക് പ്രതിപക്ഷത്തെ നേരിടുമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇപ്പോള്‍ 30 പാര്‍ട്ടികള്‍ ഒപ്പം വേണമെന്ന് തോന്നുന്നതെന്ത് കൊണ്ടാണെന്നായിരുന്നു ഖാര്‍ഗെയുടെ ചോദ്യം.
പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിക്കുന്നത് കണ്ട് വിറച്ചു പോയ ബിജെപി പിളര്‍ന്ന് പോയ പാര്‍ട്ടികളെ എണ്ണം തികയ്ക്കാന്‍ ഒരുമിച്ച് ചേര്‍ക്കുകയാണെന്നും ഖാര്‍ഗെ പരിഹസിച്ചു. ചൊവ്വാഴ്ച എന്‍ഡിഎ യോഗം ചേരാനിരിക്കെയാണ് ഖാര്‍ഗെ ബിജെപിക്കെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുന്നത്.പ്രതിപക്ഷ പാര്‍ട്ടികള്‍ വളരെക്കാലമായി ഒരുമിച്ച് യോഗം ചേരുകയും സഹകരിക്കുകയു ചെയ്യുന്നുണ്ട്. പാര്‍ലമെന്റില്‍ പോലും ഇത് സംഭവിക്കുന്നുണ്ട്. എന്നാല്‍ 30 പാര്‍ട്ടികള്‍ ചേരുന്ന എന്‍ഡിഎ യോഗത്തെക്കുറിച്ച് നമ്മള്‍ നേരത്തെ കേട്ടിട്ടുണ്ടോയെന്നും ഖാര്‍ഗെ ചോദിച്ചു. ‘മുഴുവന്‍ പ്രതിപക്ഷത്തെയും നേരിടാന്‍ ഞാന്‍ ഒറ്റയ്ക്ക് മതിയെന്ന് നേരത്തെ രാജ്യസഭയില്‍ പ്രസംഗിക്കുമ്പോള്‍ പ്രധാനമന്ത്രി പറഞ്ഞിരുന്നു. പിന്നെയെന്തിനാണ് ഇപ്പോള്‍ 30 പാര്‍ട്ടികളെ ഒരുമിച്ച് ചേര്‍ക്കുന്നത്. ഏതൊക്കെയാണ് ഈ 30 പാര്‍ട്ടികള്‍, എന്താണ് അതിന്റെയെല്ലാം പേര്, അവയെല്ലാം തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ’, ഖാര്‍ഗെ ചോദിച്ചു.
കഴിഞ്ഞ ഫെബ്രുവരിയില്‍ രാജ്യസഭയില്‍ പ്രതിപക്ഷം പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം മുഴക്കിയപ്പോള്‍ നരേന്ദ്രമോദി നടത്തിയ പരാമര്‍ശം ചൂണ്ടിക്കാണിച്ചായിരുന്നു ഖാര്‍ഗെയുടെ വിമര്‍ശനം.കോണ്‍ഗ്രസ് ഡല്‍ഹിയിലെയും പഞ്ചാബിലെയും ഘടകങ്ങളെ പരിഗണിക്കാതെയാണ് ഡല്‍ഹി ഓര്‍ഡിനന്‍സ് വിഷയത്തില്‍ ആം ആദ്മി പാര്‍ട്ടിയെ പിന്തുണച്ചതെന്ന ബിജെപിയുടെ വിമര്‍ശനത്തിനും ഖാര്‍ഗെ മറുപടി പറഞ്ഞു. ഒരു വ്യക്തിയുടെ വിഷയമല്ല, മറിച്ച് ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കേണ്ട വിഷയമാണെന്നായിരുന്നു ഖാര്‍ഗെയുടെ പ്രതികരണം.ഡിഎംകെയുടെ നേതാവും തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രിയുമായ കെ പൊന്‍മുടിയുടെ വീട്ടില്‍ നടക്കുന്ന ഇഡി റെയ്ഡിനെക്കുറിച്ചും ഖാര്‍ഗെ പ്രതികരിച്ചു.
പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം തകര്‍ക്കാനുള്ള സമ്മര്‍ദ്ദതന്ത്രമാണ് ഇത്തരം നീക്കങ്ങളെന്നായിരുന്നു ഖാര്‍ഗെ വ്യക്തമാക്കിയത്. തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ്-ഡിഎംകെ സഖ്യത്തെയാണ് ഇത്തരം റെയ്ഡുകള്‍ ലക്ഷ്യമിടുന്നതെന്നും ഖാര്‍ഗെ ചൂണ്ടിക്കാണിച്ചു. കോണ്‍ഗ്രസോ, ഡിഎംകെയോ ഇത്തരം നീക്കങ്ങളില്‍ ഭയപ്പെടില്ലെന്നും ഖാര്‍ഗെ വ്യക്തമാക്കി. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ ദുര്‍ബലപ്പെടുത്താനാണ് കേന്ദ്രസര്‍ക്കാരിന്റെ പരിശ്രമമെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി.പ്രതിപക്ഷത്തെ 26 പാര്‍ട്ടികള്‍ ബെംഗളൂരുവില്‍ യോഗം ചേരുന്ന പശ്ചാത്തലത്തിലായിരുന്നു ഖാര്‍ഗെയുടെ പ്രതികരണം. 2024ലെ പൊതുതെരഞ്ഞെടുപ്പില്‍ മുന്നോട്ടു വയ്ക്കാനുള്ള പ്രതിപക്ഷ സഖ്യത്തിന്റെ പൊതുമിനിമം പരിപാടിയും ബിജെപി സര്‍ക്കാരിനെതിരായ സംയുക്ത പ്രക്ഷോഭത്തെ സംബന്ധിച്ച പദ്ധതികളും യോഗത്തില്‍ ഉരുത്തിരിഞ്ഞ് വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.