ഒഴിവ് റിപ്പോര്‍ട്ട് ചെയ്യുന്നതിലെ കാലതാമസം മൂലം പി.എസ്.സി നിയമനം കിട്ടാതിരുന്ന സംഭവത്തില്‍ നിഷ ബാലകൃഷ്ണന് സര്‍ക്കാര്‍ ജോലി നല്‍കും. തദ്ദേശ വകുപ്പില്‍ ജോലി നല്‍കാനാണ് മന്ത്രിസഭാ തീരുമാനം.
റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കുന്ന ദിവസം അർധരാത്രി ഒഴിവു റിപ്പോർട്ട് ചെയ്തതു മൂലം ജോലി നഷ്ടപ്പെട്ട കൊല്ലം ചവറ സ്വദേശി നിഷ ബാലകൃഷ്ണന് ഒടുവിൽ നീതി ലഭിച്ചിരിക്കുകയാണ്. കെഎസ് ആൻഡ് എസ്എസ്ആര്‍ റൂള്‍ 39 ലെ സവിശേഷാധികാരം ഉപയോഗിച്ചു നിഷ ബാലകൃഷ്ണന് തദ്ദേശവകുപ്പില്‍ എല്‍ഡി ക്ലാര്‍ക്ക് തസ്തികയില്‍ നിയമനം നല്‍കും. ജോലിയില്‍ പ്രവേശിക്കുന്ന തീയതി മുതലായിരിക്കും സേവനത്തില്‍ സീനിയോറിറ്റിക്ക് അര്‍ഹത.
എറണാകുളം ജില്ല എല്‍ഡി ക്ലര്‍ക്ക് പിഎസ്‌സി റാങ്ക് ലിസ്റ്റില്‍പ്പെട്ട ഇവര്‍ക്ക് നഗരകാര്യ ഡയറക്ടറേറ്റില്‍നിന്ന് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വന്ന കാലതാമസം കാരണം ജോലി അവസരം നഷ്ടപ്പെട്ടിരുന്നു. നിഷ ബാലകൃഷ്ണൻ നൽകിയ പരാതിയെത്തുടർന്ന് ഉദ്യോഗസ്ഥ വീഴ്ചയെക്കുറിച്ച് അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ മുഖ്യമന്ത്രി നേരത്തേ കർശന നിർദേശം നൽകിയിരുന്നു. 2018 മാർച്ച് 31ന് അവസാനിച്ച എൽഡി ക്ലാർക്ക് റാങ്ക് പട്ടികയിൽ ഉൾപ്പെട്ട നിഷയ്ക്കു നിയമനം ലഭിക്കത്തക്കവിധം മാർച്ച് 28നു കൊച്ചി കോർപറേഷൻ ഓഫിസിൽനിന്ന് ഒഴിവ് റിപ്പോർട്ട് ചെയ്തെങ്കിലും നഗരകാര്യ ഡയറക്ടർ ഓഫിസിൽനിന്ന് അതു പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്തത് 31ന് അർധരാത്രി 12നാണ്. ഇമെയിൽ പിഎസ്‌സിക്കു കിട്ടിയതാകട്ടെ 12 മണിയും 4 സെക്കൻഡും കഴിഞ്ഞ്. പട്ടികയുടെ കാലാവധി അർധരാത്രി 12ന് അവസാനിച്ചെന്നു പറഞ്ഞു പിഎസ്‌സി നിഷയ്ക്കു ജോലി നിഷേധിച്ചു.