ഇംഫാൽ: പൊലീസിനെതിരെ വെളിപ്പെടുത്തലുമായി മണിപ്പൂരിൽ കലാപകാരികൾ നഗ്നരായി നടത്തിയ സ്ത്രീകളിലൊരാൾ. പൊലീസ് അക്രമികൾക്കൊപ്പമായിരുന്നു എന്നും ആൾക്കൂട്ടത്തിനിടയിൽ ഉദ്യോഗസ്ഥർ തങ്ങളെ ഉപക്ഷിക്കുകയായിരുന്നു എന്നും അവർ ദേശീയ മാദ്ധ്യമത്തോട് പ്രതികരിച്ചു.
ആൾക്കൂട്ടം രണ്ട് സ്ത്രീകളെ പൂർണ നഗ്നരാക്കി അപമാനിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതോടെ വലിയ രീതിയിലുള്ള ജനരോഷമാണ് സർക്കാർ സംവിധാനങ്ങൾക്കെതിരെ ഉയരുന്നത്. അതിനിടിയിലാണ് ഇരകളിലൊരാൾ പൊലീസിനെതിരെ രംഗത്തുവന്നത്. തങ്ങളുടെ ഗ്രാമത്തിൽ നിന്ന് ദുരത്തേയ്ക്ക് എത്തിച്ച പൊലീസ് ആൾക്കൂട്ടത്തിന് കൈമാറുകയായിരുന്നു എന്നാണ് യുവതി അറിയിച്ചത്.അതേസമയം മണിപ്പൂരിൽ മാസങ്ങളായി തുടരുന്ന സംഘർഷത്തിന്റെ നേർമുഖം വെളിവാക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന ഞെട്ടിക്കുന്ന വീഡിയോ.
കുക്കി വിഭാഗത്തിലെ രണ്ട് സ്ത്രീകളെ നഗ്നരാക്കി റോഡിൽ കൂടി നടത്തുകയും അവരുടെ സ്വകാര്യ ഭാഗങ്ങളിലടക്കം സ്പർശിക്കുന്നതുമാണ് വീഡിയോദൃശ്യത്തിലുള്ളത്.ഇവരെ ആൾക്കൂട്ടം കൂട്ടബലാത്സംഗത്തിനിരയാക്കിയതായി കുക്കി സംഘടനയായ ഐ.ടി.എൽ.എഫാണ് ആരോപിച്ചിരുന്നു. ഇംഫാലിൽ നിന്ന് 35 കിലോമീറ്റർ അകലെ കാൻഗ്‌പോക്‌പി ജില്ലയിൽ മേയ് നാലിന് നടന്ന സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ പൊലീസും ഇക്കാര്യത്തിൽ സ്ഥിരീകരണം നടത്തി.
മാസങ്ങൾക്ക് മുൻപ് നടന്ന ക്രൂരതയുടെ വിവരം പുറത്തറിഞ്ഞതോടെ പൊതുരോഷം ഉയർന്നു. പിന്നാലെ പൊലീസ് നടപടി സ്വീകരിക്കാൻ നിർബന്ധിതരാവുകയും വീഡിയോ ദൃശ്യത്തിൽ പ്രത്യക്ഷപ്പെടുന്ന ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. വീഡിയോ പ്രചരിച്ച് ഒരു ദിവസത്തിന് ശേഷം തൗബാൽ സ്വദേശിയായ ഹെരദാസ് (32) ആണ് അറസ്റ്റിലായത്.