പോർട്ട് ഓഫ് സ്പെയിൻ ∙ വെസ്റ്റിൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റിൽ തകർപ്പൻ സെഞ്ചറിയുമായി മുൻ നായകൻ വിരാട് കോലി. പോർട്ട് ഓഫ് സ്പെയിനിലെ ക്വീൻസ് പാർക് ഓവലിൽ നടക്കുന്ന മത്സരത്തിന്റെ രണ്ടാം ദിനം ആദ്യ സെഷനിലാണ് കോലി സെഞ്ചറി പൂർത്തിയാക്കിയത്. 180 പന്തിൽ 10 ഫോറുകൾ സഹിതമാണ് കോലി സെഞ്ചറി തൊട്ടത്. ഷാനൻ ഗബ്രിയേലിന്റെ പന്തിൽ നേടിയ ബൗണ്ടറിയിലൂടെയാണ് കോലി മൂന്നക്കത്തിലെത്തിയത് എന്ന പ്രത്യേകതയുമുണ്ട്. മാത്രമല്ല, രാജ്യാന്തര ക്രിക്കറ്റിൽ കോലിയുടെ 500–ാം മത്സരത്തിലാണ് ഈ സെഞ്ചറി പിറന്നിരിക്കുന്നത്. 91 ഓവർ പൂർത്തിയാകുമ്പോൾ ഒന്നാം ഇന്നിങ്സിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 317 റൺസ് എന്ന നിലയിലാണ് ഇന്ത്യ. കോലി 102 റൺസോടെ ക്രീസിലുണ്ട്.
അർധസെഞ്ചറി പൂർത്തിയാക്കിയ രവീന്ദ്ര ജഡേജയാണ് കോലിക്കൊപ്പം ക്രീസിലുള്ളത്. ജഡേജ 105 പന്തിൽ നാലു ഫോറുകൾ സഹിതമാണ് അർധസെഞ്ചറി പിന്നിട്ടത്. ടെസ്റ്റിൽ കോലിയുടെ 29–ാം സെഞ്ചറിയാണിത്. രാജ്യാന്തര ക്രിക്കറ്റിലെ 76–ാം സെഞ്ചറിയും. പിരിയാത്ത അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് സെഞ്ചറി കൂട്ടുകെട്ടും തീർത്തിട്ടുണ്ട്. ഇതുവരെ 243 പന്തുകൾ നേരിട്ട ഇവരുടെ സഖ്യം, 135 റൺസാണ് സ്കോർ ബോർഡിലെത്തിച്ചത്.
മത്സരത്തിന്റെ ഒന്നാം ദിനം കളി നിർത്തുമ്പോൾ വിരാട് കോലിയും 87 റൺസോടെയും രവീന്ദ്ര ജഡേജയുമാണ് 36 റൺസോടെയും ക്രീസിലുണ്ടായിരുന്നു. ക്ഷമയോടെ ക്രീസിൽ നിന്ന ഇരുവരും ആദ്യ സെഷനിൽത്തന്നെ സെഞ്ചറിയും അർധസെഞ്ചറിയും പൂർത്തിയാക്കി.