കോഴിക്കോട്: ക്ഷേത്ര നടത്തിപ്പിനായി പൊലീസ് ഉദ്യോഗസ്ഥരുടെ പക്കൽ നിന്നും പണം ഈടാക്കുമെന്ന കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറുടെ വിവാദ സർക്കുലർ പിൻവലിച്ചു. ഒരു വിഭാഗം പൊലീസ് ഉദ്യോഗസ്ഥർ വിയോജിപ്പ് പ്രകടമാക്കിയതിന് പിന്നാലെയാണ് മുൻകാലങ്ങളിലും ആവർത്തിച്ചുള്ള നടപടി നിർത്തലാക്കിയത്. കോഴിക്കോട് സിറ്റി പൊലീസിന് കീഴിലുള്ള മുതലക്കുളം ഭദ്രകാളി ക്ഷേത്രത്തിന്റെ നടത്തിപ്പിനും നവീകരണത്തിനുമാണ് പൊലീസ് ഉദ്യോഗസ്ഥരുടെ ശമ്പളം പിടിക്കുമെന്ന് സർക്കുലർ മുഖേനെ അറിയിച്ചത്.
ക്ഷേത്ര നടത്തിപ്പിനായി ശമ്പളത്തിൽ നിന്ന് നിശ്ചിത തുക റിക്കവറി ചെയ്യുമെന്നായിരുന്നു കോഴിക്കോട് സിറ്റി പരിധിയിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് സർക്കുലർ ലഭിച്ചത്. സർക്കുലർ പ്രകാരം പ്രതിമാസം 20 രൂപ ശമ്പളത്തിൽ നിന്നും ഈടാക്കുമെന്നായിരുന്നു ജില്ലാ പൊലീസ് മേധാവി അറിയിച്ചത്. മുൻകാലങ്ങളിലും ക്ഷേത്രത്തിന്റെ നടത്തിപ്പിനായി ഉദ്യോഗസ്ഥരിൽ നിന്ന് പണപ്പിരിവ് നടത്തുന്നതിനെതിരെ എതിർപ്പ് ഉയർന്നിരുന്നു. ഈ രീതി തുടരുന്നതിനെതിരെ സേനയിലെ ഒരു വിഭാഗം ഉദ്യോഗസ്ഥർ നേരത്തെ തന്നെ പരാതിപ്പെട്ടിരുന്നതായാണ് വിവരം. ഉന്നത ഉദ്യോഗസ്ഥരടക്കം അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് വിവാദ തുടർച്ച ഒഴിവാക്കാനായി സർക്കുലർ പിൻവലിച്ചത്.