പാരിസ്: പാരിസ് സെന്റ് ജെർമെയ്നിന്റെ (പി.എസ്.ജി) ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെക്ക് മുമ്പിൽ വമ്പൻ ഓഫർ വെച്ച് സൗദി ക്ലബ് അൽ ഹിലാൽ. വർഷം 200 ദശലക്ഷം യൂറോ (173.2 മില്യൺ പൗണ്ട്) ആണ് സൗദി പ്രോ ലീഗിലെ പ്രമുഖ ക്ലബുകളിലൊന്നായ അൽ ഹിലാലിന്റെ ഓഫറെന്ന് ഇറ്റാലിയൻ ജേണലിസ്റ്റ് ടാൻക്രെഡി പാൽമറിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒരു വർഷത്തിന് ശേഷം വേണമെങ്കിൽ റയൽ മാഡ്രിഡിലേക്ക് ചേക്കേറാനുള്ള പ്രത്യേക റിലീസ് ക്ലോസ് ഉൾപ്പെടെയുള്ളതാണ് ഓഫർ.
ഈ വർഷം കൂടി പി.എസ്.ജിയിൽ തുടർന്ന് അടുത്ത വർഷം ഫ്രീ ട്രാൻസ്ഫറിൽ റയൽ മാഡ്രിഡിലേക്ക് ചേക്കാറാനാണ് എംബാപ്പെയുടെ നീക്കം. എന്നാൽ, കരാർ നീട്ടുകയോ ക്ലബ് വിടുകയോ ചെയ്യണമെന്ന് പി.എസ്.ജി മാനേജ്മെന്റ് 24കാരന് അന്ത്യശാസനം നൽകിയിരുന്നു. ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള താരം ഫ്രീ ട്രാൻസ്ഫറിൽ ക്ലബ് വിടുന്നത് വൻ നഷ്ടമുണ്ടാക്കുമെന്ന വിലയിരുത്തലിലാണ് മാനേജ്മെന്റിന്റെ കടുത്ത മുന്നറിയിപ്പ്. 2017ൽ റെക്കോഡ് തുകക്കാണ് താരം പി.എസ്.ജിയിലെത്തിയത്. 260 കളികളിലായി 210 ഗോൾ നേടിയിട്ടുണ്ട്.
ക്ലബ് മാറ്റ ചർച്ചകളിൽ തീരുമാനമാകാത്തതിനാൽ എംബാപ്പെയെ മാറ്റിനിർത്തി പ്രീ സീസൺ മത്സരങ്ങൾക്കുള്ള നിരയെ പി.എസ്.ജി പ്രഖ്യാപിച്ചിരുന്നു. കടുത്ത പ്രതിസന്ധി തുടരുന്ന പി.എസ്.ജിയിൽനിന്ന് പരിശീലകൻ ക്രിസ്റ്റഫെ ഗാൽറ്റിയറെ അടുത്തിടെ പുറത്തായിരുന്നു. മുൻ ബാഴ്സ കോച്ച് ലൂയിസ് എന്റിക്വെ ആണ് പുതിയ കോച്ച്. സീസൺ അവസാനത്തോടെ പി.എസ്.ജി വിട്ട മെസ്സി വെള്ളിയാഴ്ച അമേരിക്കൻ ലീഗിലെ ഇന്റർ മയാമിയിൽ അരങ്ങേറിയിരുന്നു.