തെലങ്കാന: യുട്യൂബ് വീഡിയോ അനുകരിക്കുന്നതിനിടെ ആറാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. തെലങ്കാനയിലെ സിറിസിലയിൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ഉദയ്(11) ആണ് മരിച്ചത്.
അത്താഴം കഴിച്ച ശേഷം ഉറങ്ങാനായി മുറിയിലേയ്ക്ക് കയറിയതായിരുന്നു ഉദയ്. ഫോണുമായി കയറിയ കുട്ടി വാതിൽ കുറ്റിയിട്ടു. മാതാപിതാക്കൾ പല തവണ വിളിച്ചെങ്കിലും അവൻ വാതിൽ തുറന്നില്ല. പിന്നീട് ഫോണിൽ വിളിച്ചപ്പോഴും മറുപടിയില്ല. തുടർന്ന് വാതിൽ തകർത്ത് നോക്കിയപ്പോഴാണ് ഭിത്തിയിലുള്ള ഒരു ആണിയിൽ കെട്ടിയിരുന്ന തുണിയിൽ കഴുത്ത് കുരുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയെ ഉടൻ തന്നെ മണ്ഡൽ സെന്ററിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം സിർസില്ല ഏരിയ ആശുപത്രിയിലേയ്ക്ക് മാറ്റി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.