ദുബെെ: ഗൾഫിലേക്കുള്ള വിമാനടിക്കറ്റ് നിരക്കിൽ ഇടപെടാനാകില്ലെന്ന കേന്ദ്ര സർക്കാറിന്റെ നിലപാട് ഒളിച്ചുകളിയാണെന്ന ആരോപണം ശക്തമാകുന്നു. ഗൾഫിലേക്കുള്ള വിമാന സീറ്റ് വർധിപ്പിക്കാനും, ഓപ്പൺ സ്കൈ പോളിസി നടപ്പാക്കാനും കേന്ദ്രം തയാറാകാത്തതാണ് ടിക്കറ്റ് നിരക്ക് ഉയരാനുള്ള പ്രധാനകാരണമെന്ന് ഗൾഫിലെ സാമൂഹിക പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
ഡിമാൻഡ് കൂടുന്നതിന് അനുസരിച്ച് വിമാനക്കൂലി വർധിപ്പിക്കാനുള്ള അവകാശം വിമാനകമ്പനികൾക്കാണെന്നും അതിൽ ഇടപെടാനാവില്ലെന്നുമാണ് കഴിഞ്ഞദിവസം കേന്ദ്രസർക്കാർ വ്യക്തമാക്കിയത്. ടിക്കറ്റ് നിരക്ക് തീരുമാനിക്കാനുള്ള അവകാശം വിമാനകമ്പനികൾക്ക് നിലനിർത്തികൊണ്ട് തന്നെ ഉയർന്ന ഡിമാൻഡിന് അനുസരിച്ച സീറ്റുകൾ വർധിപ്പിക്കാനും വിദേശ വിമാനകമ്പനികൾക്ക് സർവീസിന് അവസരം നൽകാനും കേന്ദ്രം മടിക്കുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് പ്രവാസി ബന്ധു ട്രസ്റ്റ് ചെയർമാൻ കെ വി ഷംസുദ്ദീൻ ചൂണ്ടിക്കാട്ടി.
യു.എ.ഇയിലേക്ക് മാത്രം ആഴ്ചയിൽ ഇന്ത്യയിൽ നിന്ന് 65,000 പേർക്ക് യാത്ര ചെയ്യാനുള്ള സൗകര്യമൊരുക്കാനാണ് ഇരു രാജ്യങ്ങളും തമ്മിൽ ധാരണയുള്ളത്. ഇത് വർധിപ്പിക്കണമെന്ന് യു.എ.ഇയിലെ വിമാനകമ്പനികൾ തന്നെ ആവശ്യമുന്നറിയിച്ചിട്ടുണ്ട്. 1,15,000 പേർക്കെങ്കിലും ആഴ്ചയിൽ ഇരു രാജ്യങ്ങൾക്കുമിടയിൽ യാത്ര ചെയ്യാനുള്ള ഡിമാൻഡ് നിലവിലുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ ഈ സീറ്റ് വർധനക്ക് ധാരണയിലെത്താനും കേന്ദ്രം ഇതുവരെ തയാറായിട്ടില്ല. ഗൾഫ് രാജ്യങ്ങളുമായുള്ള വാണിജ്യം വർധിച്ചു എന്ന് അവകാശപ്പെടുന്ന സർക്കാർ ഇതിന്റെ ഭാഗമായുണ്ടായ യാത്രക്കാരുടെ വർധന കണ്ടില്ലെന്ന് നടിക്കുകയാണ്.