മലപ്പുറം: കോട്ടക്കൽ ആര്യവൈദ്യ ശാലയിൽ കഥകളിയിൽ മുഴുകി രാഹുൽ ഗാന്ധി. എംടി വാസുദേവൻനായരും കഥകളി കാണാൻ എത്തിയിരുന്നു. ആര്യവൈദ്യശാലയിൽ ചികിത്സയിൽ തുടരുകയാണ് ഇരുവരും. കോട്ടക്കൽ ആര്യ വൈദ്യശാലയുടെ ധന്വന്തരി ക്ഷേത്രത്തിന് സമീപമുള്ള അഗ്രശാലയിലായിരുന്നു കഥകളി. കോട്ടക്കൽ പിഎസ് വി നാട്യ സംഘം ആണ് ദക്ഷയാഗം കഥകളി അവതരിപ്പിച്ചത്.
കഥയും മുദ്രകളും പദങ്ങളും രാഹുൽ ഗാന്ധിക്ക് വിശദീകരിച്ചു നൽകിയിരുന്നു. എംടി വാസുദേവൻ നായരും രാഹുൽ ഗാന്ധിയുടെ തൊട്ടരികിൽ ഇരുന്നായിരുന്നു കഥകളി കണ്ടത്. ഒന്നര മണിക്കൂറോളം കഥകളി ആസ്വദിച്ച രാഹുൽ ഗാന്ധി എല്ലാവരെയും പരിചയപ്പെട്ട ശേഷമാണ് മടങ്ങിയത്. മുമ്പ് കോട്ടക്കലിൽ ചികിത്സ തേടിയ മുൻ രാഷ്ട്രപതി റാം നാഥ് കോവിന്ദ് ഉൾപ്പെടെയുള്ള പ്രമുഖരും കഥകളി ആസ്വദിച്ചാണ് മടങ്ങിയത്.
ചികിത്സക്കിടെ, മലപ്പുറത്ത് നടന്ന ഉമ്മൻചാണ്ടി അനുസ്മരണ യോഗത്തിൽ രാഹുൽ ഗാന്ധി പങ്കെടുത്ത് സംസാരിച്ചിരുന്നു. രാഷ്ട്രീയ നേതാക്കൾ ജനങ്ങളിൽ നിന്നാണ് ഉയർന്നു വരേണ്ടതെന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ഉമ്മൻ ചാണ്ടി ജനങ്ങൾക്ക് ഇടയിൽ നിന്ന് ഉയർന്നു വന്ന നേതാവാണ്. അദ്ദേഹം എനിക്ക് വഴി കാട്ടിയായിരുന്നു. ഉമ്മൻ ചാണ്ടിയിലൂടെ കേരളത്തിലെ ജനങ്ങളെ എനിക്ക് മനസ്സിലാക്കാൻ സാധിച്ചുവെന്നും രാഹുൽ പറഞ്ഞു