കണ്ണൂർ: സ്പീക്കർ എഎൻ ഷംസീറിനും സിപിഐഎം നേതാവ് പി ജയരാജനും പൊലീസ് സുരക്ഷ വർധിപ്പിച്ചു. ഇരുവരുടെയും പൊതു പരിപാടികൾക്ക് സുരക്ഷ കൂട്ടി. സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണവും വർധിപ്പിക്കും. ഭീഷണി പ്രസംഗങ്ങൾക്ക് പിന്നാലെയാണ് തീരുമാനം.
എ എൻ ഷംസീറിനെതിരെ കയ്യോങ്ങുന്ന യുവമോർച്ചക്കാരുടെ സ്ഥാനം മോർച്ചറിയിൽ ആയിരിക്കുമെന്ന പി ജയരാജന്റെ പ്രസംഗത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിലും പോർവിളി തുടരുകയാണ്. പി ജയരാജനെതിരായ തിരുവോണ ദിനത്തിലെ ആക്രമണം ഓർമ്മിപ്പിച്ചു ബിജെപി അണികൾ. അക്രമിക്കാനെത്തിയവർ കൊല്ലപ്പെട്ടുവെന്ന് പരാമർശിച്ച് സിപിഐഎം അണികളും തിരിച്ചടിച്ചു. ഇതിനിടെ മാഹി പള്ളൂരിൽ പ്രതിഷേധ പ്രകടനത്തിനിടെ എഎൻ ഷംസീറിനും, പി ജയരാജനുമെതിരെ ബിജെപി പ്രവർത്തകർ കൊലവിളി പ്രസ്താവന നടത്തി.
വിവാദത്തിന് പിന്നാലെ ഭീഷണി പ്രസംഗത്തെ ന്യായീകരിച്ച് പി ജയരാജൻ രംഗത്ത് വന്നു. യുവമോർച്ചയ്ക്ക് മനസ്സിലാകുന്ന മറുപടിയാണ് പറഞ്ഞതെന്ന് പി ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു. സംഘപരിവാറിന്റെ അശാസ്ത്രീയ വിഡ്ഢിത്തങ്ങൾ ഇനിയും തുറന്നെതിർക്കും. ഷംസീറിനെ എന്നല്ല ആരെയും ഭീഷണിപ്പെടുത്തി ഭയപ്പെടുത്താമെന്നു ആർഎസ്എസ് കരുതേണ്ടെന്നും പി ജയരാജൻ പറഞ്ഞു. പി ജയരാജന്റേത് പ്രാസ ഭംഗിക്കുള്ള പ്രയോഗമെന്നും തെറ്റായ പ്രചരണം നടത്തുന്നുവെന്നും എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പറഞ്ഞു.