ഇംഫാല്‍: വിശാല പ്രതിപക്ഷ സഖ്യം ‘ഇൻഡ്യ’യുടെ പ്രതിനിധി സംഘം ഇന്ന് മണിപ്പൂരിലെത്തും. 16 പ്രതിപക്ഷ പാർട്ടികളില്‍നിന്നായി 26 പേരാണ് കലാപബാധിത മേഖലയിലേക്കു തിരിക്കുന്നത്. എം.പിമാര്‍ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം കേന്ദ്ര സര്‍ക്കാരിനും പാര്‍ലമെന്‍റിനും മുന്നില്‍ പ്രശ്‌നപരിഹാരത്തിനായുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കും.
മണിപ്പൂര്‍ വിഷയം പാര്‍ലമെന്‍റില്‍ ഉന്നയിച്ചതിനുപിന്നാലെ തുടര്‍നടപടിയുമായാണ് പ്രതിപക്ഷത്തിന്‍റെ സംയുക്ത സഖ്യമായ ‘ഇന്‍ഡ്യ’ മുന്നോട്ടുപോകുന്നത്. വിഷയം സജീവമാക്കി നിര്‍ത്തുകയും അവിശ്വാസ പ്രമേയചർച്ചയ്ക്ക് മുന്നോടിയായി സർക്കാരിൽ സമ്മർദ്ദം ചെലുത്തുക്കുകയുമാണ് ഇന്‍ഡ്യ മണിപ്പൂർ സന്ദർശത്തിലൂടെ ലക്ഷ്യമിടുന്നത്. മൂന്നുമാസമായി സംസ്ഥാനത്തു തുടരുന്ന സംഘര്‍ഷ സാഹചര്യങ്ങള്‍ നേരിട്ട് കാണാനും കലാപബാധിതരെ സാന്ത്വനിപ്പിക്കാനുമാണ് സംഘത്തിന്റെ യാത്ര.
കൊടിക്കുന്നിൽ സുരേഷ്, ഇ.ടി മുഹമ്മദ് ബഷീർ, എൻ.കെ പ്രേമചന്ദ്രൻ, എ.എ റഹീം, സന്തോഷ് കുമാർ എന്നീ മലയാളി എം.പിമാരും സംഘത്തിലുണ്ട്. മണിപ്പൂരിലെത്തുന്ന സംഘം ആദ്യം മലയോര മേഖലകളും പിന്നീട് താഴ്വരയും സന്ദർശിക്കും. പ്രതിപക്ഷ എം.പിമാരുടെ സംഘം മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങൾ, കുക്കി-മെയ്‌തേയ് ക്യാമ്പുകൾ എന്നിവിടങ്ങളിലും സന്ദർശനം നടത്തും.
ഞായറാഴ്ച രാവിലെ പ്രതിപക്ഷ സംഘം ഗവർണറെ കാണും. പര്യടനം പൂർത്തിയാക്കി രാഷ്ട്രപതിക്കും സർക്കാരിനും റിപ്പോർട്ട് സമർപ്പിക്കും.