ശ്രീനഗർ: അവധിയ്ക്ക് നാട്ടിലെത്തിയ സെെനികനെ ദുരൂഹ സാഹചര്യത്തിൽ കാണാതായി. തെക്കൻ ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിലാണ് സംഭവം. ജമ്മു കാശ്മീർ ലെെറ്റ് ഇൻഫൻട്രി റെജിമെന്റിലെ റെെഫിൾമാൻ ജാവേദ് അഹമ്മദ് വാനിയെയാണ് (25) ഇന്നലെ രാത്രി മുതൽ കാണാതായത്. വീട്ടിൽ നിന്ന് വെെകിട്ട് ആറരയോടെ മാർക്കറ്റിലേയ്ക്ക് സാധനങ്ങൾ വാങ്ങാൻ ഇറങ്ങിയ സെെനികൻ പിന്നീട് തിരിച്ചെത്തിയില്ല.
രാത്രി ഒമ്പത് മണിയായിട്ടും ജാവേദ് തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ തെരച്ചിൽ തുടങ്ങി. പിന്നാലെ ഇദ്ദേഹം സഞ്ചരിച്ചിരുന്ന ആൾട്ടോ കാർ മാർക്കറ്റിന് സമീപത്ത് നിന്ന് കണ്ടെത്തി. കാറിൽ രക്തക്കറയുണ്ടായിരുന്നതായി സൂചനയുണ്ട്. കശ്മീർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സെെനികനെ വാഹനത്തിൽ നിന്ന് തട്ടിക്കൊണ്ടുപോയതായി ജാവേദിന്റെ കുടുംബം ആരോപിച്ചു. കുൽഗാം ജില്ലയിലെ അചതൽ പ്രദേശത്താണ് ജാവേദ് അഹമ്മദ് വാനി താമസിച്ചിരുന്നത്. അവധിയ്ക്ക് നാട്ടിലെത്തിയ സെെനികരെ ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവങ്ങൾ ഇതിന് മുൻപും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.