ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ അന്ത്യ കര്‍മ്മവുമായി ബന്ധപ്പെട്ട് പൂജാരിമാരെ അടച്ചാക്ഷേപിച്ചതില്‍ ക്ഷമ ചോദിച്ച് രേവത് ബാബു. അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ പൂജാരിമാര്‍ വിസമ്മതിച്ചുവെന്നായിരുന്നു രേവത് ബാബു പറഞ്ഞിരുന്നത്. ആരോപണം തെറ്റാണെന്ന് പിന്നീട് രേവത് പ്രതികരിച്ചു.
തനിക്ക് തെറ്റുപറ്റി എന്നും പൂജാരിമാരെ അടച്ചാക്ഷേപിച്ചതില്‍ ക്ഷമചോദിക്കുന്നുവെന്നും രേവത് ഫേസ്ബുക്ക് ലൈവില്‍ പ്രതികരിച്ചു. സംഭവത്തില്‍ ചാലക്കുടി സ്വദേശിയായ രേവത് ബാബുവിനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.അഭിഭാഷകനും ആലുവ സ്വദേശിയുമായ ജിയാസ് ജമാലാണ് പരാതിയുമായി ആലുവ റൂറല്‍ എസ്പിയെ സമീപിച്ചിരിക്കുന്നത്.
പ്രസ്താവനയിലൂടെ മതസ്പര്‍ദ്ധ വളര്‍ത്താനും, കലാപം ഉണ്ടാക്കാനും ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.മാധ്യമ ശ്രദ്ധ നേടാനാണ് രേവത് ബാബു വ്യാജ ആരോപണം ഉന്നയിച്ചത്. കലാപം ലക്ഷ്യമിട്ട് നടത്തിയ പരാമര്‍ശത്തില്‍ വിവിധ വകുപ്പുകള്‍ പ്രകാരം രേവത് ബാബുവിനെതിരെ കേസ് എടുക്കണം. ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.