ന്യൂഡൽഹി: റെയിൽവേ ഭൂമി തട്ടിപ്പ് കേസിൽ ആർജെഡി അധ്യക്ഷൻ ലാലുപ്രസാദ് യാദവിന്റെയും കുടുംബത്തിന്റെയും ആറ് കോടി വില വരുന്ന സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. ലാലു പ്രസാദ് കേന്ദ്ര റെയിൽവേ മന്ത്രി ആയിരുന്ന സമയത്ത് റെയിൽവേ ജോലിക്ക് പകരമായി ഭൂമി ഏറ്റെടുത്തുവെന്ന് ആരോപിച്ചായിരുന്നു കേസ്. ഡൽഹിയിലെയും പട്നയിലെയും സ്വത്തുക്കളാണ് കണ്ടെത്തിയത്.
2004-2009 കാലത്ത് ലാലു പ്രസാദ് റെയിൽവേ മന്ത്രിയായിരുന്ന കാലത്ത് ഇന്ത്യൻ റെയിൽവേയുടെ വിവിധ സോണുകളിലെ ഗ്രൂപ്പ് ഡി തസ്തികകളിലേക്ക് മാനദണ്ഡങ്ങളും നിയമന നടപടിക്രമങ്ങളും ലംഘിച്ച് നിയമനം നടത്തിയെന്നാണ് ആരോപണം. നിയമനത്തിന് പരസ്യമോ പൊതു അറിയിപ്പോ നൽകിയിരുന്നില്ല. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ മെയ് 18-ന് ലാലു പ്രസാദ് യാദവിന്റെ ഭാര്യ റാബ്രി ദേവിയെ അഞ്ചുമണിക്കൂർ ചോദ്യം ചെയ്തിരുന്നു.